Sub Lead

കര്‍ണി സേന ദേശീയ പ്രസിഡന്റിനെ വെടിവച്ചുകൊന്ന കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

കര്‍ണി സേന ദേശീയ പ്രസിഡന്റിനെ വെടിവച്ചുകൊന്ന കേസ്: മൂന്നുപേര്‍ അറസ്റ്റില്‍
X

ജയ്പുര്‍: രാജസ്ഥാനിലെ തീവ്രഹിന്ദുത്വ സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ ദേശീയ പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ വെടിവച്ചുകൊന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ജയ്പൂര്‍ സ്വദേശി രോഹിത് റാത്തോഡ്, ഹരിയാനയിലെ മഹേന്ദ്രഗഢ് നിവാസി നിതിന്‍ ഫൗജി, കൂട്ടാളി ഉധം സിങ് എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രി ചണ്ഡിഗഡില്‍ ഡല്‍ഹി ക്രൈംബ്രാഞ്ചും രാജസ്ഥാന്‍ പോലിസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്. രോഹിത് റാത്തോഡ്, നിതിന്‍ ഫൗജി എന്നിവര്‍ ഷൂട്ടര്‍മാര്‍മാരാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കൊലപാതകശേഷം സ്‌കൂട്ടര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലെ ഹിസാറില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മണാലിയിലേക്ക് പോയി സംഘം ചണ്ഡീഗഡിലേക്ക് മടങ്ങുകയായിരുന്നു.

ഡിസംബര്‍ അഞ്ചിനാണ് സുഖ്‌ദേവ് സിങ് ഗോഗമേദി ജയ്പൂരിലെ വീട്ടിലുള്ള സ്വീകരണമുറിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ മൂന്നു പേര്‍ ഗോഗമേദിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. വെടിവയ്പില്‍ ഗോഗമേദിയുടെ സുരക്ഷാ ഭടനും മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന നവീന്‍ സിങ് ശെഖാവത് എന്നയാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം കൊലപാതകത്തില്‍ പ്രതിഷേധിച്ച് രജ്പുത് സമുദായം സംസ്ഥാനവ്യാപകമായി ബന്ദ് പ്രഖ്യാപിക്കുകകയും പിന്നീട് തീരുമാനം മാറ്റുകയും ചെയ്തിരുന്നു. ലോകേന്ദ്ര സിങ് കല്‍വിയുടെ ശ്രീ രജ്പുത് കര്‍ണി സേനയുടെ ഭാഗമായിരുന്ന ഗോഗമേദി, 2015ല്‍ കല്‍വിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നാലെയാണ് പുതിയ സംഘടന ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി രൂപീകരിച്ചത്. സഞ്ജയ് ലീല ഭന്‍സാലിയുടെ 'പത്മാവത്' സിനിമക്കെതിരേ പ്രതിഷേധവുമായെത്തിയാണ് ശ്രദ്ധ നേടിയത്.

കൊലപാതകത്തിനു പിന്നാലെ ജയ്പൂരിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെയും (എസ്എച്ച്ഒ) രണ്ട് പോലിസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജയ്പൂര്‍ പോലീസിന് കൈമാറുമെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍ പോലിസ് 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് തിരച്ചില്‍ നടത്തിയത്. ഗോഗമേദിയെ കൊലപ്പെടുത്താന്‍ ഷൂട്ടര്‍മാര്‍ക്ക് കരാര്‍ നല്‍കിയെന്ന് ആരോപിച്ച് ശനിയാഴ്ച രാംവീര്‍ ജാട്ട് എന്നയാളെയും ജയ്പൂരില്‍ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it