Big stories

കരുവന്നൂര്‍ ബാങ്കില്‍ 10 ലക്ഷം നിക്ഷേപിച്ച രാമനും പണം നല്‍കിയില്ല; ശസ്ത്രക്രിയ മുടങ്ങി മരണം

കരുവന്നൂര്‍ ബാങ്കില്‍ 10 ലക്ഷം നിക്ഷേപിച്ച രാമനും പണം നല്‍കിയില്ല; ശസ്ത്രക്രിയ മുടങ്ങി മരണം
X

തൃശൂര്‍: കരുവന്നൂരില്‍ കഴിഞ്ഞ തിങ്കളാഴ്ച മരിച്ച രാമനെന്ന എഴുപത്തിയഞ്ചുകാരനും ചികിത്സയ്ക്ക് പണം നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. രാമന് തലച്ചോറിനുള്ള ശസ്ത്രക്രിയക്ക് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയെങ്കിലും നല്‍കിയില്ല. പത്ത് ലക്ഷം രൂപയാണ് രാമന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപമായുള്ളത്.

മാപ്രാണം പൊറത്തിശേരി സ്വദേശി രാമനും മൂത്ത ചേച്ചി ഭാര്‍ഗവിയും വീടും പുരയിടവും വിറ്റു കിട്ടിയ പത്തുലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. സഹോദരിയുടെ മകളുടെ സംരക്ഷണയിലായിരുന്നു ഇരുവരും. ചികിത്സയ്ക്കും ശിഷ്ടകാല ജീവിതത്തിനുമുള്ളതായിരുന്നു സമ്പാദ്യം. തലച്ചോര്‍ ചുരുങ്ങുന്നതായിരുന്നു അസുഖം. ശസ്ത്ര ക്രിയ്ക്ക് വേണ്ടിയിരുന്നത് മൂന്നു ലക്ഷം. കഴിഞ്ഞ മാസം 20 ന് ഇക്കാര്യം ബാങ്കിനെ അറിയിച്ചു.

ഒരുമാസത്തിനിപ്പുറം അമ്പതിനായിരം രൂപ മാത്രം ബാങ്ക് നല്‍കി. ശസ്ത്രക്രിയ നടത്താനാവാതെ കഴിഞ്ഞ തിങ്കളാഴ്ച രാമന്‍ മരിച്ചു. രാമന്റെ സഹോദരിക്ക് 99 വയസ്സുണ്ട്. അവര്‍ക്കു കൂടി കരുതിവച്ച പണമാണ് ബാങ്ക് തിരികെ നല്‍കാതിരിക്കുന്നത്. പുഷ്പയാണ് രാമന്റെ നോമിനി. പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും ചെവിക്കൊള്ളുന്നില്ലെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ വ്യക്തതവേണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും പ്രായോഗികം ആകുന്നില്ലെന്നും മണ്ഡലം സെക്രട്ടറി പി മണി പറഞ്ഞു.

Next Story

RELATED STORIES

Share it