- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില വസ്തുതകള്‍
എന്താണ് ഭാരതമെന്ന കാര്യത്തില്‍ വിപുലവും ധീരവുമായ ഒരു ചര്‍ച്ച ആവശ്യമായിത്തീര്‍ന്നിരിക്കുകയാണിന്ന്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്തുടര്‍ച്ചാവകാശി മാത്രമാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യ സമരം ഒരു പ്രഹസനമായി തരം താഴുന്നു.
പി പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് 370ാം വകുപ്പ് ഇല്ലാതാക്കിയതിനെതിരേ സുപ്രിംകോടതിയില്‍ വന്ന ഹരജികളില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണല്ലോ, ഇത്തരുണത്തില്‍ കശ്മീരിന്റെ ചരിത്രം അറിയുന്നത് നല്ലതാണ്. ഓര്‍മകളെ ജ്വലിപ്പിച്ചു നിര്‍ത്തുകയന്നതും ചരിത്രത്തെ അട്ടിമറിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതും നല്ലൊരു വിപ്ലവ പ്രവര്‍ത്തനമാണ്. മറവിക്കെതിരെയുള്ള പോരാട്ടം കൂടിയേ തീരൂ. കശ്മീര്‍ വിഷയം ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പഴക്കമുള്ള ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരു ഇരട്ട പ്രസവമായിരുന്നു. 1947ല്‍ ഇന്ത്യാ വിഭജനം നടന്നുവെന്ന് പലരും പ്രസ്താവിക്കുന്നത് അത്ര ശരിയല്ല. അത് കേട്ടാല്‍ തോന്നുക നേരത്തേ ഇവിടെ സുശക്തവും സുഭദ്രവുമായ ഒരു രാഷ്ട്രമുണ്ടായിരുന്നുവെന്നാണ്. വസ്തുത അങ്ങനെയല്ല. പരസ്പരം പോരടിച്ച/പോരടിക്കുന്ന നൂറുകണക്കിന് നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഭാഷ, വേഷം, ആഹാരരീതി, ആചാര സമ്പ്രദായങ്ങള്‍ ഉള്‍പ്പെടെ വൈജാത്യങ്ങള്‍ മാത്രമല്ല, വൈരുധ്യങ്ങള്‍ കൂടിയുണ്ടായിരുന്നു. ഇവയെ ഇന്ത്യന്‍ യൂനിയനില്‍ സമര്‍ഥമായും കുറച്ചൊക്കെ ബലാല്‍ക്കാരമായും ലയിപ്പിച്ചതിന് പ്രതിഫലമായാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം ആ രാജകുടുംബങ്ങള്‍ക്ക് പ്രീവിപേഴ്‌സ് (മാലിഖാന്‍) നല്‍കേണ്ടി വന്നത്. പിന്നീട് ഇന്ദിരാഗാന്ധിയാണ് അത് നിലനിര്‍ത്തലാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായ ചില സംഗതികള്‍ വകവച്ചു കൊടുക്കുന്നതിന്റെ കാരണം ഇന്ത്യാ യൂനിയനില്‍ ലയിക്കുമ്പോള്‍ നല്‍കിയ ഉറപ്പാണ്.
ഇന്ത്യ സ്വതന്ത്രയായതിനു ശേഷം കുറഞ്ഞത് രണ്ട് തലമുറയെങ്കിലും പിന്നിട്ടു കഴിഞ്ഞു. ഇന്ന് 80 വയസ്സിന്ന് മുകളിലുള്ളവര്‍ക്കേ 1947ന്റെ ചെറിയ ഓര്‍മയെങ്കിലുമുണ്ടാവൂ. എന്തിനേറെ പറയുന്നു, 1975 ലെ ഭീകരമായ അടിയന്തിരാവസ്ഥയെ പറ്റി അറിയാത്തവരായിരിക്കും ഇന്ന് 55 വയസ്സിന് താഴെയുള്ളവര്‍. ഇത്രയും പറഞ്ഞത് നാട്ടിന്റെ ചരിത്രത്തെ നേരെ ചൊവ്വെ അറിയാത്തവരാണ് ഇന്നത്തെ വോട്ടര്‍മാരില്‍(18 വയസ്സിനു മുകളിലുള്ളവര്‍) മഹാ ഭൂരിപക്ഷവും എന്ന് തിരിച്ചറിയാനാണ് ഇങ്ങനെയുള്ള സമൂഹത്തിന് കശ്മീര്‍ വിഷയത്തിന്റെ ഉള്ളുകള്ളികള്‍ കൃത്യമായി ഗ്രഹിക്കാന്‍ വളരെ പ്രയാസമുണ്ടാവും. ചിന്താശീലരായ പുതുതലമുറയ്ക്കു വേണ്ടി കൂട്ടിവായിക്കാനും സത്യസന്ധമായ വിശകലനം നടത്താനും ചില ഉദ്ധരണികള്‍ നിരത്തുകയാണ്. 1980ല്‍ പ്രശസ്തമായ മലയാള നാട് വാരികയില്‍ പ്രഗല്‍ഭനായ ഒ വി വിജയന്‍ എഴുതിയത് പുനര്‍വായനയ്ക്കായി താഴെ ചേര്‍ക്കുകയാണ്.
'കശ്മീര്‍ ഇന്ത്യയില്‍ ലയിക്കാന്‍ തീരുമാനിക്കുന്ന അവസരത്തില്‍ കശ്മീരീ ജനതയുടെ അനിഷേധ്യ നേതാവ് അബ്ദുല്ലയായിരുന്നു. മതേതരവും വികേന്ദ്രീകൃത ജനാധിപത്യപരവുമായ ഒരു ഉപരാഷ്ട്ര സമുച്ഛയത്തില്‍(family of Nationalities) ലയിക്കാനാണ് അദ്ദേഹം കശ്മീരീ ജനതയ്ക്കു വേണ്ടി തീരുമാനമെടുത്തത്. അമ്പത്തിമൂന്നില്‍ അദ്ദേഹത്തെ തുറുങ്കിലടച്ചത് എന്തിന്?. കശ്മീരിന്റെ വിലയനം സ്വീകരിക്കുന്ന വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരി ജനതയ്ക്ക് കൊടുത്ത ഉറപ്പ് എന്തായിരുന്നു?. അവരുടെ ഹിതം അറിഞ്ഞ ശേഷമേ വിലയനം സാധ്യമായിത്തീരൂ എന്ന്. എന്നാല്‍ എന്നാണ് നാം കശ്മീരി ജനതയുടെ ഹിതം മനസ്സിലാക്കിയത്?.
കശ്മീരികള്‍ സ്വയം കശ്മീരികളെന്നും മറ്റുള്ളവരെ ഇന്ത്യക്കാരെന്നും പറയുന്നു. അസുഖകരമായ ഈ സത്യങ്ങളെ നാം മുപ്പത് കൊല്ലം മൂടിവച്ചു. അവയെ സത്യസന്ധതയോടെ നേരിടാന്‍ മടിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്വന്തം അസ്തിത്വത്തെ സംരക്ഷിക്കാനായിരുന്നുവോ തന്റെ സ്വദേശമായ കശ്മീരിനെ പിടിച്ചുനിന്നത്. ആ പിടിച്ചുനില്‍ക്കല്‍ കാരണമായാണോ ഇന്ത്യയും പാക്കിസ്താനുമായി നിരവധി സംഘട്ടനങ്ങളുണ്ടായത്?. ഞാനൊന്നും പറയാന്‍ തുനിയുകയല്ല ഇവിടെ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താന്‍ നാം സത്യസന്ധമായും ആണത്തത്തോടെയും ശ്രമിക്കണമെന്ന് നിര്‍ദേശിക്കുക മാത്രമാണ്.
പാകിസ്താനും ഇന്ത്യയുമായി ഈ മൂന്ന് ദശകങ്ങളായി സംഘര്‍ഷാവസ്ഥയാണ്. നാലായിരം കോടി രൂപയുണ്ടായാല്‍ നമുക്ക് രാജസ്താന്‍ ജലസേചന പദ്ധതി നടപ്പാക്കി, മരുഭൂമിയെ വിഭവസമൃദ്ധമായ കൃഷിഭൂമിയാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അത്രയും പണം വേണം മുങ്ങിക്കപ്പലുകളും വാണങ്ങളും സംഭരിക്കാന്‍. നാം അത് സംഭരിച്ചു കഴിഞ്ഞാല്‍ പാകിസ്താന്‍ വീണ്ടും ആയുധക്കലവറ നിറയ്ക്കുന്നു. അപ്പോള്‍ നാമും പിന്തുടരുന്നു. പിന്നെ പാകിസ്താന്‍ നമ്മെ പിന്തുടരുന്നു. അങ്ങനെ അവസാനമില്ലാതെ. ആ കാലമത്രയും ആ അനന്തതയത്രയും രാജസ്താന്‍ മരുഭൂമിയായിക്കിടക്കുന്ന ദശലക്ഷക്കണക്കിന് മാറാവ്യാധിക്കാര്‍ ചീഞ്ഞു മരിക്കുന്നു. മുപ്പത്തിയാറ് കോടി മനുഷ്യര്‍ ദാരിദ്ര്യരേഖയുടെ താഴേയ്ക്കു വഴുതി വീഴുന്നു.
യുദ്ധം നമ്മുടെ രാഷ്ട്രീയമാണ്. മാത്രമല്ല ചൈനയുടെയും പാകിസ്ഥാന്റെയും കാര്യത്തില്‍ ഒരു ദേശീയ ധാരണ(national consensus) ഉണ്ടാക്കാന്‍ നാം ഇതുവരെ മെനക്കെട്ടിട്ടില്ല. കോണ്‍ഗ്രസ്സുകാരന്‍ സംസാരിച്ചാല്‍ ജനസംഘം മുറവിളി കൂട്ടും. നാടിനെ ഒറ്റിക്കൊടുക്കുകയാണെന്ന്, മറിച്ചും. ഈ പരാധീനതയില്‍ നാം വന്‍ശക്തികളുടെ കരുക്കളായി മാറുകയും ചെയ്യുന്നു. അമേരിക്ക ചൈനയ്‌ക്കെതിരായും റഷ്യ പാകിസ്താനെതിരായും നമ്മെ ഉപയോഗിച്ചു.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അതിനെ തൊട്ടു കളിക്കരുതെന്നും ജനസംഘത്തിന്റെ ഷോവനിസത്തോടു കൂടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത് വാദിച്ചത്. കാരണം ലളിതം, കശ്മീരിന്റെ പാകിസ്താന്‍ മേഖലയില്‍, അമേരിക്ക സൈനിക സന്നാഹങ്ങള്‍ നിറച്ച സ്ഥിതിക്ക് വെടിനിര്‍ത്തല്‍ രേഖയ്ക്കിപ്പുറത്ത് ഇടം വേണമെന്നത് സോവിയറ്റ് യൂനിയന്റെ താല്‍പര്യമായിരുന്നു. കൃഷ്ണമേനോനെ പുറത്താക്കാന്‍ കൃപലാനിയും മൊറാര്‍ജിയും കഠിന ശ്രമങ്ങള്‍ നടത്തിയെങ്കില്‍ അവര്‍ ഇവിടത്തെ അമേരിക്കന്‍ ലോബിയുടെ താല്‍പര്യങങളെ നടപ്പാക്കുക മാത്രമായിരുന്നു. നാഗഭൂമിയും മിസോറാമും ഉത്തരപ്രദേശത്തെ പോലെ 'ഭാരത'മാണെന്ന് ശഠിക്കുന്നത് ഇന്ത്യന്‍ ബൂര്‍ഷ്വാസിയാണ്. കമ്മ്യൂണിസ്റ്റുകാരനും ആ മാന്ത്രിക വലയില്‍പെട്ട് ഭ്രമബുദ്ധിയായിത്തീരുന്നുവെന്ന് മാത്രം.
എന്താണ് ഭാരതമെന്ന കാര്യത്തില്‍ വിപുലവും ധീരവുമായ ഒരു ചര്‍ച്ച ആവശ്യമായിത്തീര്‍ന്നിരിക്കുകയാണിന്ന്. സ്വതന്ത്ര ഭാരതത്തിന്റെ ഭരണം ഈസ്റ്റിന്ത്യാ കമ്പനിയുടെ പിന്തുടര്‍ച്ചാവകാശി മാത്രമാണെങ്കില്‍ നമ്മുടെ സ്വാതന്ത്ര്യ സമരം ഒരു പ്രഹസനമായി തരം താഴുന്നു. അങ്ങനെ സംഭവിക്കാന്‍ നാം അനുവദിച്ചുകൂട. ഈയിടെ ലാല്‍ദെങ്ക സുപ്രധാനമായ ഒരു സത്യത്തിനു നേരെ വിരല്‍ചൂണ്ടി. ഇന്ത്യയില്‍ മൂന്ന് ഗോത്രധാരകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആര്യരും ദ്രാവിഡരും മംഗോളിയരും. നിലവിലുള്ള സംവിധാനത്തെ തകര്‍ത്ത് ഇന്ത്യയെ നുറുങ്ങുകളാക്കുന്നത് ആര്‍ക്കും നല്ലതാവാന്‍ വഴിയില്ല. എന്നാല്‍ ഇന്ത്യ അതിന്റെ ദേശീയ ഘടകങ്ങളുടെ വിഭിന്നത അംഗീകരിക്കണം. ഹിന്ദിയും ഹിന്ദുമതവും രാഷ്ട്രീയ കരുക്കളല്ലാതായിത്തീരണം. അവ സാമ്രാജ്യ സംസ്ഥാപനത്തിനുതകുമെങ്കിലും ജനായത്തപരവും സംതൃപ്തവും ആയ ഒരു സമുദായത്തെ സൃഷ്ടിക്കാന്‍ ഉപകരിക്കുകയില്ല. പ്രസക്തമായിട്ടുള്ളത് രാഷ്ട്രമെന്ന മിഥ്യയല്ല, മനുഷ്യനെന്ന യാഥാര്‍ഥ്യമാണ്.മനുഷ്യനിലൂടെയേ രാഷ്ട്രം യഥാര്‍ഥമായിത്തീരുന്നുളളൂ. ഇതോടൊപ്പം നമ്മുടെ നിരവധി യുദ്ധങ്ങളെയും നാം വിലയിരുത്താന്‍ മുതിരേണ്ടതാണ്. തുറന്നുപറഞ്ഞാല്‍, ദേശസ്‌നേഹമില്ലാത്ത, മനുഷ്യ സ്‌നേഹം കൊണ്ട് ത്രസിക്കുന്ന ഒരു സ്വയം വിമര്‍ശനം.(ഇന്ദ്രപ്രസ്ഥം: 139143 പന്തളത്തെ പുസ്തക പ്രസാധകസംഘം പ്രസിദ്ധീകരിച്ചത്.)
കശ്മീരില്‍ ചീഫ് ജസ്റ്റിസായും പത്ത് ദിവസം ഗവര്‍ണറായും സേവനമനുഷ്ഠിച്ച പരേതനായ ജസ്റ്റിസ് വി ഖാലിദിന്റെ നിരീക്ഷണം കൂടി കാണുക:
'ആ ഒരു വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന സംഭവങ്ങള്‍ അറിയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. കുറേ കാര്യങ്ങളിലെങ്കിലും നമ്മുടെ സര്‍ക്കാറിന്റെ കൈകാര്യം ചെയ്യലിലെ താളപ്പിഴകളാണ് കുഴപ്പമുണ്ടാക്കുന്നത്. ജഗ്‌മോഹനെ ഗവര്‍ണറാക്കി കശ്മീരില്‍ അയച്ചു എന്നതാണ് ഇന്ദിരാഗാന്ധി ചെയ്ത വലിയ തെറ്റ്. ജഗ്‌മോഹന്‍ കശ്മീരികളെ ഒട്ടും സ്‌നേഹിച്ചിരുന്നില്ല. ജഗ്‌മോഹന്‍ രണ്ട് പ്രാവശ്യം കശ്മീരിലുണ്ടായിരുന്നു. ബി കെ നെഹ്‌റുവായിരുന്നു ഒരു ഘട്ടത്തില്‍ അവിടെ ഗവര്‍ണര്‍. അദ്ദേഹം വളരെ മാന്യനായിരുന്നു. അദ്ദേഹവുമായി നല്ല അടുപ്പത്തിലായിരുന്നു. വിരമിച്ചശേഷവും അത് തുടര്‍ന്നു. ഇന്ദിരാഗാന്ധിയും ബി കെ നെഹ്‌റുവും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല, അവര്‍ ബന്ധുക്കളാണെങ്കിലും. ഇന്ദിരാഗാന്ധി ബി കെ നെഹ്‌റുവിനോട് ഫറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യില്ലെന്നും അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ പിരിച്ചുവിടുകയുള്ളൂ എന്നുമുള്ള നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. അന്ന് ബി കെ നെഹ്‌റു അമേരിക്കയിലൊക്കെ ലെക്ചര്‍ ടൂറിന് പോവാറുണ്ടായിരുന്നു. അപ്പോഴദ്ദേഹം ലീവെടുക്കാറില്ല. ഞാന്‍ ചെന്ന കാലത്ത് പക്ഷേ, യാത്രയ്ക്ക് ലീവെടുക്കാതെ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. അങ്ങനെ ഗവര്‍ണര്‍ പദവിയിലിരിക്കെ പത്ത് ദിവസം അദ്ദേഹം ലീവെടുത്ത് പോയി. ആ പന്ത്രണ്ട് ദിവസം ഞാനായിരുന്നു ആക്റ്റിങ് ഗവര്‍ണര്‍. ഏറെ കഴിയുന്നതിനുമുമ്പെ ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റിക്കളഞ്ഞു. അപ്പോഴാണ് ജഗ്‌മോഹന്‍ വന്നത്. പിറ്റേദിവസം എന്നെ ഡിന്നറിന് വിളിച്ചു, കൂടെ ഫാറൂഖ് അബ്ദുല്ലയേയും. ഏറെനേരം സംസാരിച്ചു. നല്ല തമാശയൊക്കെ പറഞ്ഞു അന്ന് രാത്രി പിരിഞ്ഞു. നേരം പുലര്‍ന്നപ്പോഴേക്കും ഫാറൂഖ് അബ്ദുല്ലയെ ഡിസ്മിസ് ചെയ്തിരുന്നു. അന്ന് കേസൊന്നും വന്നിട്ടില്ല. ഡിസ്മിസ് ചെയ്യപ്പെട്ടാല്‍ ആരും സുപ്രിംകോടതിയില്‍ പോകാറുമില്ല. വാസ്തവത്തില്‍ ഫാറൂഖ് അബ്ദുല്ല അന്ന് സൂപ്രിം കോടതിയില്‍ പോയിരുന്നുവെങ്കില്‍ പിരിച്ചുവിടപ്പെട്ട നടപടി റദ്ദാക്കുമായിരുന്നു''.
ചരിത്രപരമായി നോക്കിയാല്‍ കശ്മീരികളെ ഇന്ത്യാ ഗവണ്‍മെന്റ് ധരിപ്പിച്ചിരുന്നത് ഒരു ഹിതപരിശോധന ഉണ്ടാവുമെന്നാണ്. ഹിതപരിശോധന മുഖേന ആര്‍ക്കൊപ്പം ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം. അതവര്‍ വിശ്വസിച്ചു. എന്നാലത് നടന്നില്ല. ഹരികൃഷ്ണയായിരുന്നല്ലോ കശ്മീര്‍ രാജാവ്. അദ്ദേഹം ഇന്ത്യയ്‌ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതുകൊണ്ടാണല്ലോ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത്. ഹിതപരിശോധനയെന്ന വാഗ്ദാനം ആ സമയത്ത് നല്‍കിയതാണ്. ലംഘിക്കപ്പെട്ട വാഗ്ദാനത്തെച്ചൊല്ലി വഞ്ചിക്കപ്പെട്ടു എന്ന തോന്നലായിരുന്നു കശ്മീരികള്‍ക്ക്. മാത്രമല്ല കശ്മീരിലെ ഓഫിസുകളിലെവിടെയും അര്‍ഹിക്കുന്ന പ്രാതിനിധ്യം അവര്‍ക്കുണ്ടായിരുന്നില്ല. കശ്മീരികള്‍ക്ക് മുഖ്യധാരയിലേക്കെത്താന്‍ ഒന്നും ചെയ്തുകൊടുത്തില്ല. വികസനകാര്യത്തില്‍ ശ്രദ്ധിച്ചില്ല. പദ്ധതികള്‍ രൂപപ്പെടുത്തുമെന്ന വാഗ്ദാനമല്ലാതെ ഒന്നും ചെയ്തില്ല. ന്യായമായ അവകാശം അനുവദിച്ചില്ലെന്ന പരാതി അവര്‍ക്കിപ്പോഴുമുണ്ട്. അത് കേള്‍ക്കാനും പരിഹരിക്കാനും സന്നദ്ധരായാല്‍ മതിയായിരുന്നു. കശ്മീരികളിലധികവും പാവങ്ങളാണ്. കശ്മീരികള്‍ക്ക് ഉദ്യോഗങ്ങളിലെത്താനുള്ള വഴിയൊരുക്കണം. സംസ്ഥാനത്തിന്റെ പുരോഗതിയില്‍ അവരും പങ്കാളികളാണെന്ന ബോധത്തിലേക്ക് അവരെ എത്തിക്കണം. കശ്മീരികളെ ശത്രുമനസ്സുള്ളവരാക്കിത്തീര്‍ത്ത കുറ്റത്തില്‍ വലിയ പങ്ക് ഗവര്‍ണരായിരുന്ന ജഗ്‌മോഹനാണ്. കശ്മീരിലെ ജനതയോട് അദ്ദേഹത്തിന് ലവലേശം സ്‌നേഹമുണ്ടായിരുന്നില്ല. എന്നാല്‍ ബി കെ നെഹ്‌റു അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്ന് കശ്മീരിവേര് ഉണ്ടായിരുന്നുവല്ലോ?. 370 ാം വകുപ്പ് എടുത്തുകളയാന്‍ പാടില്ലെന്നാണെന്റെ അഭിപ്രായം. അത് അങ്ങനെതന്നെ നിലനിര്‍ത്തണം. കശ്മീരിന്റെ മാത്രം കാര്യമല്ല. ഹിമാചല്‍പ്രദേശിനും അരുണാചല്‍ പ്രദേശത്തിനുമെല്ലാമുണ്ട് ചില പ്രത്യേക അവകാശങ്ങള്‍. അവരെ നാം വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്. ഹിതപരിശോധനയാണ് പോംവഴി എന്ന് പറയാനിപ്പോള്‍ കഴിയില്ല. തിരഞ്ഞെടുപ്പ് നടത്തിയതോടെ ഹിതപരിശോധനയുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നാണ് നമ്മുടെ വാദം. സിംല കരാര്‍ പ്രകാരമാണ് എല്ലാ പരിഹാരശ്രമങ്ങളും നടത്തേണ്ടത്. ഹിതപരിശോധനയില്ലാതെ കശ്മീര്‍ ജനതയുടെ മുഴുവന്‍ വിശ്വാസവും ആര്‍ജ്ജിച്ചെടുക്കാന്‍ കഴിയുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് പരിഹാരമാര്‍ഗം. ഫാറുഖ് അബ്ദുല്ല പലപ്പോഴും പറഞ്ഞകാര്യം ഓര്‍മ്മയുണ്ട്. 'ഇന്ന ഡാമില്‍നിന്ന് ഇത്ര വൈദ്യുതി തരാമെന്ന് പറഞ്ഞിട്ടും അത് തന്നിട്ടില്ല. പദ്ധതികളെക്കുറിച്ച് പറയുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല. പിന്നെ നമ്മളെന്തുചെയ്യും'
കശ്മീരി പണ്ഡിറ്റുകളും കശ്മീരി മുസ്‌ലിംകളും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. പണ്ഡിറ്റുകളെ അവിടെ നിന്ന് അടിച്ചോടിച്ചു എന്ന് പറഞ്ഞാലത് ഞാന്‍ വിശ്വസിക്കില്ല. എന്റെ കൂടെ ജോലിക്കാരായി പണ്ഡിറ്റുകള്‍ കുറേപേരുണ്ടായിരുന്നു. കശ്മീരി ഭാഷയാണവര്‍ സംസാരിക്കുകപോലും ചെയ്യാറ് '(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2013 ജനുവരി 23)
അനുബന്ധം
(സൈനുദ്ധീന്‍ കോയ കൊല്ലം നേരില്‍ അയച്ചുതന്ന പ്രതികരണം)
ഒരിക്കലും ഒരു സാമുദായിക പ്രശ്‌നമായിരുന്നില്ല. ഒരു രാഷ്ട്രീയ പ്രശ്‌നമാണത്. ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് ബോംബെ കലാപങ്ങള്‍ തുടങ്ങി നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുപോലും ഇന്നേവരെ വര്‍ഗീയ കലാപങ്ങള്‍ നടക്കാത്ത ഒരു സംസ്ഥാനമാണ് കശ്മീര്‍. ഇന്നും ശ്രീനഗറിന്റെ ഹൃദയഭാഗത്തുള്ള ഗുരുദ്വാരയും ക്ഷേത്രവും മസ്ജിദുകളും പ്രാര്‍ഥനയ്ക്കായി തുറക്കപ്പെടുന്നു. ബിജെപിക്കാരനായ ഗവര്‍ണര്‍ ജഗ് മോഹന്റെ നയനിലപാടുകളാണ് പണ്ഡിറ്റുകളുടെ ഒഴിച്ചു പോക്കിന് ഒരു മുഖ്യ കാരണമെന്നു പറയപ്പെടുന്നു. മുസ് ലിംകള്‍ക്കെതിരേ സൈനിക നടപടിയെടുക്കുമ്പോള്‍, അവര്‍ക്കിടയില്‍ ജീവിക്കുന്ന പണ്ഡിറ്റുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവരുതെന്ന വംശീയ ചിന്തയാണതിന്റെ പ്രേരകമായത്. അതോടൊപ്പം, ബിജെപിയെ സംബന്ധിച്ചിടത്തോളം കശ്മീരിനെ ഒരു സാമുദായിക വര്‍ഗീയ പ്രശ്‌നമായി എടുക്കാനും തങ്ങള്‍ക്കനുകൂലമായി രാഷ്ട്രീയ നേട്ടമുണ്ടാക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗവും.(നമുക്കറിയാവുന്ന പോലെ, ഇന്ന് പല കാര്യങ്ങളിലും അവര്‍ സ്വീകരിക്കുന്ന സമീപനം ഇത്തരത്തിലുള്ളതാണല്ലോ).
1990 മെയ് 20 മുതല്‍ 25, 28 തിയ്യതികളില്‍ മാതൃഭൂമി ദിനപത്രത്തില്‍ അവരുടെ ഡല്‍ഹി ലേഖകനായ എന്‍ അശോകന്‍ 'സംഘര്‍ഷത്തിന്റെ താഴ് വരകളിലൂടെ' എന്ന പേരില്‍ 7 ലക്കങ്ങളിലായി ഒരു പരമ്പര എഴുതിയിട്ടുണ്ട്. അതില്‍ കശ്മീര്‍ പ്രശ്‌നവും സാമുദായിക സൗഹാര്‍ദ്ദവും പണ്ഡിറ്റുകളുടെ പലായനവുമെല്ലാം വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: '1990ലെ റമദാന്‍ കാലത്ത് കര്‍ഫ്യൂ മൂലം ജനജീവിതം സ്തംഭിച്ചെങ്കില്‍ 89 ലെ റമദാന്‍ സമയത്ത് തീവ്രവാദികളുടെ ബന്ദ് ആയിരുന്നു. പക്ഷേ, അവര്‍ ഹിന്ദുക്കളുടെ ദീപാവലിക്കും ശിവരാത്രിക്കും കടകള്‍ അടപ്പിച്ചില്ല. ദീപാവലിക്ക് മൂന്നു ദിവസം മുമ്പാണ് ബന്ദവസാനിപ്പിച്ച് കടകള്‍ തുറന്നത്. (ലേഖനം 4 ല്‍ നിന്ന്).
.....1987 ലെ അസംബ്ലി തിരഞ്ഞെടുപ്പിലെ അട്ടിമറിയാണ് പ്രശ്‌നം വഷളാക്കിയത്. 'ഇക്കഴിഞ്ഞ ശിവരാത്രിക്ക് രണ്ടു ദിവസം മുമ്പ് വരെ ഏതാനും ദിവസങ്ങള്‍ ബന്ദായിരുന്നു. കശ്മീരിലെ കടകളെല്ലാം അടഞ്ഞുകിടന്നു. എന്നാല്‍ ശിവരാത്രിക്ക് ഹിന്ദുക്കള്‍ ബുദ്ധിമുട്ടരുതെന്ന് ജെകെഎല്‍എഫിന് നിര്‍ബന്ധമായിരുന്നു. കടകളെല്ലാം തുറക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു. ആവശ്യത്തിന് ആട്ടിറച്ചിയും മറ്റും രാജസ്ഥാനില്‍ നിന്നുവരെ എത്തിക്കാന്‍ 'തീവ്രവാദി പ്രവര്‍ത്തകര്‍' തന്നെ മുന്‍കൈയെടുത്തു.എത്ര റംസാന്‍ കാലം കര്‍ഫ്യൂകളും ബന്ദുകളുമായി അലങ്കോലപ്പെട്ടു എന്ന് ഓര്‍ക്കേണ്ടതുണ്ട്. അതേസമയം, തങ്ങളുടെ ഹിന്ദു സഹോദരങ്ങള്‍ക്ക് ഇറച്ചി എത്തിക്കാന്‍ 'തീവ്രവാദികള്‍' തന്നെ മുന്‍കൈയെടുത്തു എന്നത് കശ്മീരിലെ മതസൗഹാര്‍ദ്ദത്തെ വെളിവാക്കുന്നതാണ്. എന്താണ് ആട്ടിറച്ചിക്ക് ഇത്ര പ്രാധാന്യം എന്നു തോന്നാം. ആട്ടിറച്ചി കശ്മീരില്‍ ആഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. കശ്മീരി പണ്ഡിറ്റുകള്‍ ബ്രാഹ്മണരാണെന്നാലും ഇന്ത്യയിലെ മറ്റ് ബ്രാഹ്മണരില്‍ നിന്ന് വ്യത്യസ്തരാണ്. അവര്‍ മദ്യവും മാംസവും കഴിക്കുന്നവരാണ്. സസ്യഭുക്കുകള്‍ പോലും സസ്യേതര ആഹാരം കഴിക്കേണ്ട പുണ്യദിനമാണ് കശ്മീരികള്‍ക്ക് ശിവരാത്രി. എത്രയും കടുത്ത ഒരു സമരം നടക്കുമ്പോഴും പണ്ഡിറ്റുകള്‍ക്ക് വേണ്ടി 'തീവ്രവാദികള്‍' വിട്ടുവീഴ്ച ചെയ്തു എന്നത് ചെറിയ കാര്യമല്ല. ഒന്ന് രണ്ട് വെടിവയ്പുകളില്‍ ചില കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോക്ക് തുടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യത്തില്‍ നടത്തിയ ജെ കെ എല്‍ എഫ് പ്രകടനത്തിനുനേരെ പോലിസ് വെടിവച്ചപ്പോള്‍ മരിച്ചവരില്‍ ഒരു പണ്ഡിറ്റ് യുവാവും ഉണ്ടായിരുന്നു. പല പ്രകടനങ്ങളിലും നേരത്തേ പണ്ഡിറ്റ് യുവാക്കള്‍ ഉണ്ടായിരുന്നു. പണ്ഡിറ്റുകള്‍ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് തുടങ്ങിയപ്പോള്‍ പലയിടത്തും 'തീവ്രവാദി' പ്രവര്‍ത്തകരടക്കമുള്ള മുസ് ലിംകള്‍ ട്രക്കുകള്‍ക്കു മുമ്പില്‍നിന്ന്, പോവരുത് എന്ന് കേണപേക്ഷിക്കുകയുണ്ടായി. 'തീവ്രവാദി സംഘടനാ' നേതാക്കള്‍ പലരും പത്രങ്ങളിലൂടെ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു, പണ്ഡിറ്റുകള്‍ കാശ്മീര്‍ വിടരുത്. വിട്ടവര്‍ തിരിച്ചു വരണം. അവര്‍ക്ക് ഒരു അപകടവും വരില്ല. എന്നാല്‍ ഹിസ്ബുല്‍ മുജാഹിദീനെപ്പോലുള്ള 'തീവ്രവാദി' സംഘടനകള്‍, ഹിന്ദുക്കള്‍ മൊത്തത്തില്‍ കശ്മീര്‍ വിട്ടുപോവണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. കശ്മീരികളെ ദ്രോഹിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന ഹിന്ദുക്കള്‍ കശ്മീര്‍ വിട്ടുപോവണം എന്നേ പറഞ്ഞുള്ളൂ. പല പണ്ഡിറ്റുകളും അവരുടെ വീടും ഭൂമിയും എല്ലാം അയല്‍ക്കാരായ മുസ് ലിംകളെ ഏല്‍പിച്ചിട്ടാണ് പോയത്.
പഞ്ചാബിലെ 'തീവ്രവാദി'കളെപ്പോലെ ഹിന്ദുക്കള്‍ക്കെതിരായി കേന്ദ്രീകരിച്ച ആക്രമണങ്ങള്‍ ഒട്ടും ഉണ്ടായിട്ടില്ല. പലരും കൊല്ലപ്പെടുന്നതിനിടയില്‍ ഹിന്ദുക്കളും കൊല്ലപ്പെട്ടു എന്ന് മാത്രം. പരമ്പരാഗതമായി കശ്മീര്‍ താഴ് വരയില്‍ മുസ് ലിംകള്‍ക്ക് പണ്ഡിറ്റുകളെ വലിയ ബഹുമാനമാണ്. 'നമസ്‌കാരം മഹാരാജ' എന്നുപറഞ്ഞാണ് ഹിന്ദുവിനെ സംബോധന ചെയ്യുന്നത് തന്നെ. ഇരുവിഭാഗവും തമ്മില്‍ പൊതുവായി വലിയ വ്യത്യാസമില്ല. ഹിന്ദു രാവിലെ കാവയും രാത്രി ഉപ്പുചായയും കഴിക്കുമെങ്കില്‍ മുസ് ലിം രാവിലെ ഉപ്പുചായയും വൈകീട്ട് കാവയും കഴിക്കും എന്ന വ്യത്യാസം മാത്രം. പണ്ഡിറ്റുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയിട്ടും കുറേപേര്‍ ഇപ്പോഴും താഴ്‌വരയിലുണ്ട്. കശ്മീര്‍ താഴ് വരയില്‍ അവര്‍ക്ക് ഒരു കുഴപ്പവുമില്ല എന്നാണ് എടിയുപി ജനറല്‍ സെക്രട്ടറി വാഞ്ചു പറഞ്ഞത്. എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. അവര്‍ ജമ്മുവിലേക്കാള്‍ ശ്രീനഗറിലാണ് സുരക്ഷിതര്‍. അവരെ ശ്രീനഗറില്‍ ആരും ബലാല്‍സംഗം ചെയ്യില്ല. ജമ്മുവിലോ ദില്ലിയിലോ എനിക്കത് ഉറപ്പിക്കാന്‍ സാധ്യമല്ല. (ലേഖനം 6ല്‍ നിന്ന്).
പിന്നെ എന്താണ് പണ്ഡിറ്റുകള്‍ കൂട്ടത്തോടെ താഴ് വരയില്‍ നിന്ന് ഒഴിച്ചുപോവാന്‍ കാരണം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ബിജെപിയുടെ കുതന്ത്രം ആണോ?. മുസ് ലിംകള്‍ പലരും പറയുന്നത്, വലിയ തോതിലുള്ള ദുരിതാശ്വാസവും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്താണ് അവര്‍ കൊണ്ടുപോയത് എന്നാണ്. എന്നാലും ജന്മഭൂമി വിട്ടെറിഞ്ഞു പോവുക ഒരു ചെറിയ കാര്യമല്ല. എന്തോ ഒരു വലിയ ഗൂഢാലോചന നടന്നിരിക്കുന്നു.''
(ലേഖനം 6 ല്‍ നിന്നും) (കേരളാ യൂനിവേഴ്‌സിറ്റി ലൈബ്രറിയില്‍ പത്രത്തിന്റെ ഫോട്ടോ കോപ്പി ലഭിക്കും).
വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, ഏതു സംഭവങ്ങളിലും നിക്ഷിപ്ത താല്‍പര്യക്കാര്‍ പുതിയവ കൂട്ടിച്ചേര്‍ക്കും.
'മതം മാറുക, പലായനം ചെയ്യുക, കൊല്ലപ്പെടുക' എന്ന് പോസ്റ്റര്‍ പ്രക്ഷോഭകാരികള്‍ പതിച്ചതായി ഇപ്പോള്‍ പറയുന്നത് അതിലൊന്നാണ്. കാരണം, ഇപ്പോഴും 800 കുടുംബങ്ങള്‍ സുരക്ഷിതരായി അവിടെ കഴിയുന്നുവെന്ന് അടുത്ത വാചകത്തില്‍ പറയുകയും ചെയ്യുന്നു. വൈകാരികമായി, വംശീയമായി പ്രശ്‌നങ്ങളെ വിലയിരുത്തുന്നതിനു പകരം നിഷ്പക്ഷമായി സത്യസന്ധതയോടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുക. സമാധാനം നിറഞ്ഞ ഒരു അവസ്ഥ ആ സംസ്ഥാനത്ത് ഉണ്ടാവട്ടെ എന്നും എന്നെന്നും നമ്മോടൊപ്പം നമ്മുടെ അഭിമാനമായി കശ്മീര്‍ നിലനില്‍ക്കട്ടെ എന്നും നമുക്ക് പ്രാര്‍ഥിക്കാം, അതിനായി പരിശ്രമിക്കാം.
RELATED STORIES
അമ്മയുടെ കാന്സര് ചികില്സക്കുള്ള പണമെടുത്ത് ചീട്ട് കളിച്ച മകന്...
21 Dec 2024 1:14 PM GMTബഷീര് കണ്ണാടിപ്പറമ്പ് എസ്ഡിപിഐ കണ്ണൂര് ജില്ലാ പ്രസിഡന്റ്
21 Dec 2024 12:59 PM GMTഎസ്ഡിപിഐക്ക് പാലക്കാട് ജില്ലയില് പുതിയ ഭാരവാഹികള്
21 Dec 2024 12:51 PM GMTകൊച്ചിയിലെ അങ്കണവാടിയില് 12 കുട്ടികള്ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്ക്കും...
21 Dec 2024 10:35 AM GMTസ്ലാബ് തകര്ന്നു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
21 Dec 2024 10:12 AM GMT