Sub Lead

കഠ്‌വ കേസ്: കൂട്ടായ പ്രയത്‌നത്തിന്റെ വിജയമെന്ന് അഡ്വ. മുബീന്‍ ഫാറൂഖി

കേസില്‍ സ്‌റ്റേറ്റിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരും കുട്ടിയുടെ കുടുംബത്തിനു വേണ്ടി മുസ്‌ലിം ഫെഡറേഷന്‍ ഓഫ് പഞ്ചാബിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുബീന്‍ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമാണ് ഹാജരായത്.

കഠ്‌വ കേസ്: കൂട്ടായ പ്രയത്‌നത്തിന്റെ വിജയമെന്ന് അഡ്വ. മുബീന്‍ ഫാറൂഖി
X

ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭ്യമാക്കാനായത് കൂട്ടായ പ്രയത്‌നത്തിലൂടെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുബീന്‍ ഫാറൂഖി. കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ പ്രതിക്കെതിരെ അപ്പീല്‍ പോവുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ സ്‌റ്റേറ്റിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരും കുട്ടിയുടെ കുടുംബത്തിനു വേണ്ടി മുസ്‌ലിം ഫെഡറേഷന്‍ ഓഫ് പഞ്ചാബിന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മുബീന്‍ ഫാറൂഖിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘവുമാണ് ഹാജരായത്.

ജമ്മു കാശ്മീരില്‍ നിന്നു പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് കേസ് മാറ്റിയപ്പോഴാണ് മുബീന്‍ ഫാറൂഖി കുടുംബത്തിന് വേണ്ടി ഹാജരായത്. ജമ്മു കാശ്മീരിലെ കോടതിയില്‍ ഇരയ്ക്കു വേണ്ടി ഹാജരായ ദീപിക സിങ് രജാവത്തിന് പഞ്ചാബില്‍ വരാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് താന്‍ കേസ് ഏറ്റെടുത്തതെന്ന അദ്ദേഹം പറഞ്ഞു. ദീപിക പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടിയാണ് ഹാജരായത്. എന്നാല്‍, പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനാണ് തന്നെ ചുമതലപ്പെടുത്തിയത്'അദ്ദേഹം പറഞ്ഞു.

കേസ് പഞ്ചാബിലേക്ക് മാറ്റിയതു മൂതല്‍ മുസ്‌ലിം ഫെഡറേഷന്‍ ഓഫ് പഞ്ചാബ് അംഗങ്ങള്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ദീപികയുമായും സംസാരിച്ചിരുന്നു. അങ്ങിനെയാണ് താന്‍ കേസിന്റെ ഭാഗമായതെന്ന് ഫാറൂഖി വിശദീകരിച്ചു.

കേസില്‍ ഹാജരായ പബ്ലിക് പ്രൊസിക്യുട്ടര്‍മാരും ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായാണ് ഇടപെട്ടത്. സ്‌റ്റേറ്റ് ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍മാരായ എസ് എസ് ചോപ്ര, സന്തോഷ് സിങ് ബസ്ര എന്നിവരും ക്രൈം ബ്രാഞ്ച് അഭിഭാഷകരായ ഭുപീന്ദര്‍, ഹര്‍മീന്ദര്‍ എന്നിവരും നടത്തിയ പ്രയത്‌നം ചെറുതല്ല. കേസില്‍ കേരളത്തില്‍ നിന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യമായ സഹായവും പിന്തുണയും നല്‍കിയിരുന്നതായും അഡ്വ മുബീന്‍ ഫാറൂഖി വ്യക്തമാക്കി. കേസിന്റെ ഓരോ ഘട്ടത്തിലും കൂടെ നിന്ന മുസ്‌ലിം യൂത്ത് ലീഗ് സംഘം കേസിന്റെ വിധി കേള്‍ക്കാനും പഠാന്‍കോട്ടിലെ കോടതിയിലെത്തിയിരുന്നതായി മുബീന്‍ ഫാറൂഖി പറഞ്ഞു.

പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. അതിന് വേണ്ടി മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനും തയ്യാറാണ്. വെറുതെ വിട്ട പ്രതിക്കെതിരെ ഞങ്ങള്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും മുബീന്‍ ഫറൂഖി പറഞ്ഞു.

അതേ സമയം, മുബീന്‍ ഫാറൂഖിയെ കുടുംബം കേസ് ഏല്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സീനീയര്‍ അഭിഭാഷകരായ കെ കെ പുരി, ഹര്‍ഭജന്‍ സിങ് എന്നിവരെ തങ്ങള്‍ ഏര്‍പ്പാടാക്കിയതായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു. കേസില്‍ തുടര്‍ന്നും തങ്ങളുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it