Sub Lead

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ല കണ്ണൂര്‍

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ല കണ്ണൂര്‍
X

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയ രാജ്യത്തെ ഏക ജില്ലയായി കണ്ണൂര്‍ മാറി. കള്ളവോട്ടിന്റെയും ഇരട്ടവോട്ടിന്റെയും ആരോപണം കാരണവും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് ഇത്തരമൊരു തീരുമാനം. നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് സുതാര്യവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

ജില്ലയിലെ 3137 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്ന വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലെയും വോട്ടെടുപ്പ് തല്‍സമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വന്‍ സന്നാഹത്തോടെ വിശാലമായ കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ സ്പീഡ് ഇന്റര്‍നെറ്റാണ് വെബ്കാസ്റ്റിങിനായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പോളിങ് ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങളുടെ വ്യക്തതയോടെയുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും. 131 ലാപ്‌ടോപ്പുകളാണ് ഇതിനായി കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിരിക്കുന്നത്. ഒരു ലാപ്‌ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനാവും. ഇതിനായി ഓരോ ലാപ്‌ടോപ്പിനും ഓരോ വ്യൂവിങ് സൂപര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ബൂത്തുകളില്‍ ക്രമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ജില്ലാ കലക്ടറെ അറിയിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വോട്ടെടുപ്പ് നിരീക്ഷിക്കാനായി ജില്ലാ കലക്ടര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഏതെങ്കിലും പ്രത്യേക ബൂത്തിലെ വോട്ടെടുപ്പ് നടപടികള്‍ വലിപ്പത്തില്‍ കാണാനായി വലിയ എല്‍ഇഡി സ്‌ക്രീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഓരോബൂത്തില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ ഭാവി ഉപയോഗത്തിനായി ക്ലൗഡ് സര്‍വറില്‍ സൂക്ഷിക്കും.

വെബ്കാസ്റ്റിങ് സംവിധാനത്തിന്റെ ഭാഗമായി പോളിങ് ബൂത്തുകളില്‍ ഓരോ ലാപ്‌ടോപ്പും അത് പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ഓപറേറ്ററുമുണ്ടാവും. ഇവര്‍ക്ക് പുറമെ വെബ്കാസ്റ്റിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ രണ്ടുപേര്‍ അടങ്ങുന്ന സംഘത്തെ മണ്ഡലം തല ഫീല്‍ഡ് ഓപറേറ്റര്‍മാരായും നിയമിച്ചിട്ടുണ്ട്. വെബ്കാസ്റ്റിങ് പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കാനും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ സത്വര പരിഹാരം കാണാനും ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെല്‍ട്രോണ്‍ തുടങ്ങിയ വിഭാഗങ്ങളുടെ പ്രത്യേക കൗണ്ടറുകളും കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മുതല്‍ വെബ്കാസ്റ്റിങ് തുടങ്ങും. കെല്‍ട്രോണിന്റെ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ബിഎസ്എന്‍എല്‍, അക്ഷയ, ഐടി മിഷന്‍, പോലിസ്, ഐകെഎം, അസാപ്, പിഡബ്ല്യുഡി ഇലക്ട്രോണിക്‌സ്, നിര്‍മിതി കേന്ദ്ര, കെഎസ്ഇബി, എംജിഎന്‍ആര്‍ഇജിഎസ്, കുടുംബശ്രീ, കലക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെയാണ് ജില്ലയില്‍ വെബ്കാസ്റ്റിങ് സംവിധാനം നടപ്പാക്കുന്നതെന്ന് നോഡല്‍ ഓഫീസര്‍ കൂടിയായ അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി അറിയിച്ചു.

Kerala Assembly election: Kannur is the only district in the country to have webcasting in all booths

Next Story

RELATED STORIES

Share it