Sub Lead

എല്‍ഡിഎഫ് വിജയം സന്തോഷം നല്‍കുന്നത്: കാന്തപുരം

എല്‍ഡിഎഫ് വിജയം സന്തോഷം നല്‍കുന്നത്: കാന്തപുരം
X

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി കേരളം ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത് സന്തോഷം നല്‍കുന്നതാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. പലതരം പ്രതിസന്ധികളിലൂടെ മലയാളികള്‍ കടന്നുപോയ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്, ജനങ്ങള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നിലപാടിനു പൊതു സാമൂഹികാംഗീകാരം കിട്ടിയതായും കാന്തപുരം പറഞ്ഞു.

പൗരത്വവിഷയത്തില്‍ പ്രശ്‌നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല; മറിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന വിഷയമാണ് എന്ന നിലയില്‍ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങള്‍ നടത്താനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ഇന്ത്യയുടെ അടിത്തറ മതേരത്വമാണെന്നും, എല്ലാ മതവിശ്വാസികളെയും ഒരുപോലെ കണ്ടു പൗരന്മാര്‍ക്കിടയില്‍ സമാനീതി പുലര്‍ത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. അത്തരത്തിലുള്ള സന്ദേശം നല്‍കാന്‍ സി എ എ വിരുദ്ധ സമരം നിമിത്തമായി. മലയാളികള്‍ ഒരുമിച്ചു നടത്തിയ ആ പ്രതിഷേധങ്ങള്‍ വിശ്വാസികള്‍ക്ക് നല്‍കിയ പ്രതീക്ഷകള്‍ ചെറുതായിരുന്നില്ല. കണ്ണൂരും കോഴിക്കോടും എറണാകുളത്തും അടക്കം നിരവധി സ്ഥലങ്ങളില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങളില്‍ സംസാരിക്കാനദ്ദേഹം ക്ഷണിച്ചപ്പോള്‍ നടന്ന സംഭാഷണങ്ങളിലും സര്‍ക്കാര്‍ ആ വിഷയത്തില്‍ സ്വീകരിച്ച കരുതലും കാവലും വ്യക്തമായിരുന്നു. കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.

സമുദായവമുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങള്‍ക്കും വേണ്ടി നേരിട്ടും ടെലഫോണിലൂടെയും സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയില്‍ കാണുകയും, സമയംവൈകാതെ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും. പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വര്‍ഷക്കാലം, എല്ലാവര്‍ക്കും സഹായവും സാന്ത്വനവും നല്‍കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. മുസ്‌ലിംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകള്‍ നടത്തുകയും സമുദായ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിര്‍മാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു. മറ്റു മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാന്‍ കഴിഞ്ഞതും.

മതേതരത്വ മൂല്യങ്ങള്‍ സമൂഹത്തിലേക്ക് ആഴത്തില്‍ പടര്‍ത്തി, അടുത്ത അഞ്ചുവര്‍ഷങ്ങളിലും ഇതിനേക്കാള്‍ മികച്ച നിലയില്‍ ഭരണം നടത്താന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കാന്തപുരം അഭിനന്ദനം അറിയിച്ചു.

Next Story

RELATED STORIES

Share it