Sub Lead

എന്‍സിഇആര്‍ടി വെട്ടിയ മുഗള്‍ ചരിത്രവും ഗുജറാത്ത് വംശഹത്യയും കേരളം പഠിപ്പിക്കും

എന്‍സിഇആര്‍ടി വെട്ടിയ മുഗള്‍ ചരിത്രവും ഗുജറാത്ത് വംശഹത്യയും കേരളം പഠിപ്പിക്കും
X

തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ മുഗള്‍ ചരിത്രം, ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. ഇതിനായി എസ്‌സിഇആര്‍ടി സപ്ലിമെന്ററിയായി പാഠപുസ്തകം പുറത്തിറക്കും. കരിക്കുലം കമ്മിറ്റി യോഗത്തില്‍ കേന്ദ്രനടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ഒമ്പത്, പത്ത് ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് 'പരിണാമ സിദ്ധാന്തം' ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടിരുന്നു. പരിണാമ സിദ്ധാന്തത്തെപ്പറ്റി മനസ്സിലാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഭൂമിയില്‍ ജീവനുണ്ടായതിനെപ്പറ്റിയോ ജീവപരിണാമത്തെപ്പറ്റിയോ അറിയാന്‍ കഴിയാതെ വരുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയമായി വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും കഴിയാതെ വരുന്നത് കുട്ടികളുടെ ശാസ്ത്ര ചിന്തയെ പിന്നിലാക്കുന്നതിന് കാരണമാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് രാഷ്ട്രീയ ലാക്കോടെ അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനം ചരിത്രനിഷേധമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പാഠപുസ്തകങ്ങളില്‍ നിന്നും തങ്ങള്‍ക്ക് അഹിതകരമായവ വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല. പാഠപുസ്തകങ്ങളുടെ പരിപൂര്‍ണമായ കാവിവല്‍ക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണെന്ന് പിണറായി പറഞ്ഞു. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്. ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗള്‍ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂര്‍ണ്ണമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it