Sub Lead

സിഎഎ വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

സിഎഎ വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി
X

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി(സിഎഎ)ക്കെതിരായ പ്രക്ഷോഭത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന ആഭ്യന്തര വകുപ്പ് ജില്ലാ പോലിസ് മേധാവികള്‍ക്ക് അയച്ചു. ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാനാണ് നിര്‍ദേശമുള്ളത്. സംസ്ഥാനത്ത് ആകെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യം ലഭിക്കാന്‍ സാധ്യത കൂടുതലുള്ള കേസുകള്‍ എല്ലാം പിന്‍വലിക്കാനാണ് നിര്‍ദേശം. നേരത്തേ പിന്‍വലിക്കാന്‍ നിര്‍ദേശിച്ച കേസുകളില്‍, അവ പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയിലെത്തിയോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഗുരുതരസ്വഭാവമുള്ളത് ഒഴികെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷകള്‍ കോടതികളില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ ഇതിനു മേല്‍നോട്ടം വഹിക്കും. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നെങ്കിലും നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് പിന്‍വലിച്ചിരുന്നത്. കേസുകള്‍ പിന്‍വലിക്കാതിരിക്കുകയും പലതിലും പിഴയടയ്ക്കുകയും വിചാരണ തുടങ്ങുകയും ചെയ്തതിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിഎഎ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ടയായി മാറുകയും കേസുകള്‍ പിന്‍വലിക്കാത്തത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സിഎഎ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ എടുത്ത നൂറുകണക്കിനു കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കേസുകളെല്ലാം പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it