Sub Lead

'ഓര്‍ഡിനന്‍സിലൂടെയാണ് ഭരണമെങ്കില്‍ നിയമസഭയുടെ ആവശ്യമെന്ത്?';ഓര്‍ഡിനന്‍സുകള്‍ കണ്ണുമടച്ച് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും

ഓര്‍ഡിനന്‍സിലൂടെയാണ് ഭരണമെങ്കില്‍ നിയമസഭയുടെ ആവശ്യമെന്ത്?;ഓര്‍ഡിനന്‍സുകള്‍ കണ്ണുമടച്ച് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: ഇന്ന് കാലാവധി അവസാനിക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം,ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ആസാദി കാ അമൃത് മഹോല്‍സവിന്റെ ഭാഗമായുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകള്‍ പഠിക്കാതെ ഒപ്പിടാന്‍ സാധിക്കുക. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണം,' ഗവര്‍ണര്‍ പറഞ്ഞു.

സഭാ സമ്മേളനങ്ങള്‍ നടന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കിയില്ല. ഓര്‍ഡിനന്‍സ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചു.'സുപ്രിംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂര്‍ണമായി അര്‍പ്പിക്കാതെ ഞാന്‍ ഒന്നും ചെയ്യില്ല. ബജറ്റ് ചര്‍ച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല.തന്നോട് പറഞ്ഞിരുന്നുവെങ്കില്‍ മറുപടി നല്‍കുമായിരുന്നു.ഡിജിറ്റല്‍ ഒപ്പിന് അധികാരമുണ്ട്.പക്ഷേ ഓര്‍ഡിനന്‍സ് മുഴുവനായി മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് കാരണം' ഗവര്‍ണര്‍ പറഞ്ഞു.

ഓര്‍ഡിനന്‍സുകള്‍ നിയമസഭയില്‍ എത്താത്തതില്‍ നേരത്ത ഗവര്‍ണ്ണര്‍ക്ക് ചീഫ് സെക്രട്ടറി കൂടുതല്‍ വിശദീകരണം നല്‍കിയിരുന്നു.ഒക്ടോബറില്‍ നിയമനിര്‍മ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജന്‍ഡ ബജറ്റ് ചര്‍ച്ച മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.എന്നാല്‍ ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

സര്‍വകലാശാലാ ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങിയതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍, അക്കാര്യം ഗവര്‍ണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയില്‍ ബില്ലുകൊണ്ടുവരാതെ ഓര്‍ഡിനന്‍സുകള്‍ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സര്‍വകലാശാല ഓര്‍ഡിനന്‍സിന്റെ കാര്യം സര്‍ക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാല്‍, ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നേരിട്ടോ ഉദ്യോഗസ്ഥര്‍ മുഖേനയോ ചര്‍ച്ചവേണ്ടിവരും.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും.ആറുനിയമങ്ങള്‍ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുക.

Next Story

RELATED STORIES

Share it