Sub Lead

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്.

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍, കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി.മി. വരെയാകാനും തിരമാലകള്‍ 4 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് അതിതീവ്രമഴക്ക് കാരണമായത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുകയും ചെയ്തതോടെ മഴയുടെ ശക്തി കുറഞ്ഞു. അതേസമയം കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. മഴ കുറഞ്ഞെങ്കിലും ഇപ്പോഴും താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിലാണ്. ആഗസ്ത് മാസത്തില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ ഈ പത്ത് ദിവസത്തില്‍ ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. മഴ കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. 686 ദുരിതാശ്വാസ ക്യാംപുകളാണ് സംസ്ഥാനത്തുള്ളത്. 6,967 കുടുംബങ്ങളിലെ 22,830 പേരെ കാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മലയോര മേഖലയിലും തീരദേശത്തുള്ളവരും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂര്‍ എന്നി ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാര്‍ അടക്കമുള്ള നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം തുടരുമെന്നും കമ്മീഷന്‍ അറിയിച്ചു.

മഴ കുറഞ്ഞതോടെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നുണ്ട്. എറണാകുളം ജില്ലയിലെ ചെറിയ ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ആലപ്പുഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടുണ്ട്. കോട്ടയത്തെ നദികളിലെ നീരൊഴുക്ക് കുറയാത്തതിനാല്‍ വെള്ളം ഇറങ്ങുന്നത് സാവധാനത്തിലാണ്. ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ തുടങ്ങിയ താലൂക്കുകളിലായി 37 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. 280 കുടുംബങ്ങളില്‍നിന്നായി 801 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 325 പുരുഷന്‍മാരും 365 സ്ത്രീകളും ഉള്‍പ്പെടുന്നു.




Next Story

RELATED STORIES

Share it