Sub Lead

കേരളത്തിലും ഹിജാബ് വിലക്ക്; തട്ടമണിഞ്ഞ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി ക്രിസ്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ (വീഡിയോ)

കേരളത്തിലും ഹിജാബ് വിലക്ക്; തട്ടമണിഞ്ഞ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കി ക്രിസ്ത്യന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ (വീഡിയോ)
X

കല്‍പ്പറ്റ: ഹിജാബ് വിലക്കിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുന്നതിനിടെ കേരളത്തിലും ഹിജാബ് ധരിക്കുന്നത് തടഞ്ഞ് ക്രിസ്ത്യന്‍ സ്‌കൂള്‍ അധികൃതര്‍. തലയില്‍ ഷാള്‍ അണിഞ്ഞെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. വയനാട് മാനന്തവാടി ലിറ്റില്‍ ഫഌവര്‍ യുപി സ്‌കൂളിലാണ് സംഭവം. ഇക്കാര്യം ചോദിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാവില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടിസി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം. ഫുള്‍ കൈ ഇല്ലാത്തതിനാല്‍ ചില കുട്ടികള്‍ ഇന്നര്‍ ധരിക്കാറുണ്ടായിരുന്നു. ഇതിനും പ്രിന്‍സിപ്പല്‍ വിലക്കിയിട്ടുണ്ട്.


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കന്യാസ്ത്രീ കൂടിയായ പ്രധാനാധ്യാപികയുടെ വാദങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്. സ്‌കൂളിലെ നിയമം അനുസരിച്ച് ഷാള്‍ അനുവദിക്കാനാവില്ല. ഒരു മതത്തിന്റെ കാര്യവും സ്‌കൂളില്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ പഠിക്കാനാണ് വരുന്നത്. കൈകള്‍ ഇത്രയും മറച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുക. എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നതെന്നാണ് കുട്ടിയുടെ പിതാവിനോട് പ്രിന്‍സിപ്പല്‍ ചോദിക്കുന്നത്.

അങ്ങനെയെങ്കിലും വീട്ടിലും കുട്ടികളെ ഷാള്‍ ധരിപ്പിക്കേണ്ടതില്ലല്ലോ എന്ന് പിതാവ് ചോദിക്കുമ്പോള്‍ വേണ്ടെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ മറുപടി. ഇത് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോണ്‍വെന്റാണ്. ഇവിടെ പോലും നിങ്ങള്‍ എന്തിനാണ് ഇത്രയും വാശിപിടിക്കുന്നത്. ചെറിയ കുട്ടികളുടെ കാര്യത്തില്‍ ഇങ്ങനെ ഇടപെടരുത്. യുപി സ്‌കൂളിലല്ലേ കുട്ടി പഠിക്കുന്നത്. ഹൈസ്‌കൂളിലാണെങ്കില്‍ ഷാള്‍ ഇട്ടുകൊണ്ടുവരാം. എന്നാല്‍, ക്ലാസില്‍ കയറുമ്പോള്‍ ഷാള്‍ മടക്കിവയ്ക്കണം. 93 വര്‍ഷമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുകയാണ്. ഇവിടെ ഇതാണ് നിയമം.

നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പിതാവിനോട് ചോദിക്കുന്നു. യാതൊരു മതചിഹ്‌നങ്ങളും സ്‌കൂളില്‍ അനുവദിക്കില്ലെന്നാണ് കന്യാസ്ത്രീ വേഷമണിഞ്ഞ, തലയില്‍ തട്ടമിട്ട പ്രിന്‍സിപ്പല്‍ പറയുന്നത്. ഷാള്‍ അണിഞ്ഞുകൊണ്ട് കുട്ടിയെ പഠിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അനുവദിക്കാത്തതിന്റെ പേരിലാണ് ടിസി വാങ്ങുന്നതെന്ന് അപേക്ഷയില്‍ എഴുതിക്കോളൂ എന്നും പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരേ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it