Sub Lead

കനത്ത ചൂടില്‍ കേരളം ഉരുകിയൊലിക്കുന്നു; വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്

കനത്ത ചൂടില്‍ കേരളം ഉരുകിയൊലിക്കുന്നു; വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു
X

കോഴിക്കോട്: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഫെബ്രുവരിയിലെ ശൈത്യം പിന്‍വാങ്ങിയതോടെ സംസ്ഥാനം കടുത്ത ചൂടില്‍. ഇന്നു മുതല്‍ വേനല്‍ മാസം തുടങ്ങുന്നതോട് കൂടി ചൂട് അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ 35 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത് ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ, സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു. 81 ദശലക്ഷം യൂനിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപഭോഗം. സംസ്ഥാനത്ത് ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം 81.84 ദശലക്ഷം യൂണിറ്റ്. 2019 മെയ് 23ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തിലാണ് വൈദ്യുത ഉപഭോഗം സര്‍വകാല റെക്കോഡിലെത്തിയത്, 88.34 ദശലക്ഷം യൂനിറ്റ്. എന്നാല്‍ പതിവില്ലാതെ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ഉപഭോഗം കുത്തനെ കൂടിയിരിക്കുകയാണ്.

രാത്രി 10 മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നത്. രാത്രിയില്‍ ചൂട് കൂടുന്നത് നിമിത്തം എസികളുടെയും ഫാനുകളുടേയും ഉപയോഗം കൂടുന്നതാണ് ഇതിന് കാരണം.

വൈദ്യുതി ഉപയോഗം കൂടിയതോടെ ഉത്പാദനവും റെക്കോഡ് നിരക്കിലായി. ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പാദനം പരമാവധിയിലാണ്. ആറ് ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നു. 14.28 ദശലക്ഷം യൂണിറ്റാണ് ശനിയാഴ്ചത്തെ ഉത്പാദനം. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി കൊണ്ടുവന്നാണ് ഉപഭോഗം പിടിച്ച് നിര്‍ത്തുന്നത്. ശനിയാഴ്ച കേന്ദ്രഗ്രിഡില്‍ നിന്ന് വാങ്ങിയത് 53.8 ദശലക്ഷം യൂണിറ്റ് വൈദ്യുതി.

തിരഞ്ഞെടുപ്പ് കാലം എത്തിയതോടെ വരും ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗം ഇനിയും കൂടാനാണ് സാധ്യത. ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളമുള്ളതും കേന്ദ്രഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നതിന് കരാറും ഉള്ളതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. അതേസമയം, കഴിഞ്ഞ മാസം ലഭിച്ച ഒറ്റപ്പെട്ട മഴ പോലെ ഈ മാസവും വേനല്‍ മഴ ലഭിക്കുമെന്ന് വിശ്വാസത്തിലാണ് കാലാവസ്ഥാനിരീക്ഷകര്‍.

Next Story

RELATED STORIES

Share it