Sub Lead

സംഘടിത കുറ്റകൃത്യം തടയല്‍ നിയമം: ഫയല്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം കളവ്; ആഭ്യന്തരവകുപ്പിലെ രേഖകള്‍ പുറത്ത്

കേരള സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം, നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ ആഭ്യന്തര വകുപ്പില്‍ പുതിയ ഫയല്‍ തുറന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. ഫോണ്‍ ചോര്‍ത്തലിന് എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അധികാരം നല്‍കുന്ന നിര്‍ദേശവും കരട് രേഖയിലുണ്ട്.

സംഘടിത കുറ്റകൃത്യം തടയല്‍ നിയമം: ഫയല്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം കളവ്; ആഭ്യന്തരവകുപ്പിലെ രേഖകള്‍ പുറത്ത്
X

തിരുവനന്തപുരം: 'കേരള സംഘടിത കുറ്റകൃത്യം തടയല്‍ നിയമ' വുമായി ബന്ധപ്പെട്ട യാതൊരു ഫയലും ആഭ്യന്തര വകുപ്പില്‍ നിലവിലില്ലെന്ന സര്‍ക്കാരിന്റെ വാദം പൊളിയുന്നു. കേരള സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം, നിര്‍ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ ആഭ്യന്തര വകുപ്പില്‍ പുതിയ ഫയല്‍ തുറന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. ഫോണ്‍ ചോര്‍ത്തലിന് എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അധികാരം നല്‍കുന്ന നിര്‍ദേശവും കരട് രേഖയിലുണ്ട്. അതേസമയം, പോലിസിന് അമിതാധികാരം നല്‍കുന്ന വിവാദ നിയമനിര്‍മാണത്തിനെതിരേ വ്യാപകവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തുവന്നത്.


സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ഒരു ഫയലും നിലവിലില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. ''സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമനിര്‍മാണം വേണമെന്നെ നിര്‍ദേശം പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെകട്ടറി, മുന്‍ അഡീഷനല്‍ എജി അഡ്വ: കെ കെ രവീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട സമിതിയാണ് നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ ഒരു ഫയലും നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.


ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്കു മേല്‍ ഒരുതരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അത്തരത്തില്‍ ഒരു നിര്‍ദേശവും അംഗീകരിക്കുകയുമില്ല''- എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണമായും തള്ളുന്നതാണ്. ആഭ്യന്തര വകുപ്പിലെ വിവാദഫയല്‍ നീക്കത്തിന്റെ രേഖകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായിരിക്കുകയാണ്. കേരള ഓര്‍ഗനൈസ്ഡ് ക്രൈം കണ്‍ട്രോള്‍ ആക്ട് പ്രൊപ്പോസല്‍ എന്ന തലക്കെട്ടിലാണ് ഇ ഫയല്‍ തുറന്നിരിക്കുന്നത്.

ജൂണ്‍ 22ന് ആഭ്യന്തര വകുപ്പില്‍നിന്നാണ് ഈ ഫയലിന്റെ തുടക്കം. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസും ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ടി ജയശ്രീയും തമ്മിലുള്ള ഉയല്‍ ഇടപാടുകളുടെ രേഖകളാണ് പുറത്തുവന്നത്. സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ കൂടാതെ ആറുമാസം ദിവസം വരെ ജയിലിലിടയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് പോലിസ് നിര്‍ദേശിച്ച പുതിയ നിയമം. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ ചോര്‍ത്താന്‍ എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അനുമതി നല്‍കാം.

പ്രതി പോലിസിന് നല്‍കുന്ന കുറ്റസമ്മത മൊഴി തെളിവായി കണക്കാക്കുകയും ചെയ്യാം. ഇവയടക്കമുള്ള ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അധികാരങ്ങള്‍ നിയമം പോലിസിനു നല്‍കും. മഹാരാഷ്ട്രയിലെ മകോക നിയമത്തിന്റെ ചുവടുപിടിച്ചുള്ള നിര്‍ദേശങ്ങള്‍ ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കെയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഇത്തരമൊരു നിയമം ആവശ്യമാണോയെന്ന സംശയം ഉന്നയിച്ച് നിയമവകുപ്പ് ഫയല്‍ മടക്കിയിരുന്നു.

മഹാരാഷ്ട്രയിലേയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും സാഹചര്യം കേരളത്തില്‍ ഇല്ലെന്നായിരുന്നു നിയമവകുപ്പിന്റെ നിലപാട്. വിഷയം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ച നടപടിയും വിവാദമായി. തുടര്‍ന്ന് കഴിഞ്ഞദിവസം ചേരാനിരുന്ന യോഗം മാറ്റിവച്ചു. മകോക മാതൃകയിലെ നിയമം വന്നാല്‍ അതു കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ഫയല്‍ നിലവിലില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ് രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it