Sub Lead

മിന്നല്‍പ്രളയത്തിന് സാധ്യത; സംസ്ഥാനത്ത് 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

മിന്നല്‍പ്രളയത്തിന് സാധ്യത; സംസ്ഥാനത്ത് 5 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
X

തിരുവനന്തപുരം: മഴ കനക്കുന്നതിനാല്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംത്തിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവിട്ട നിര്‍ദേശത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും മല്‍സ്യബന്ധന തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. അടുത്തദിവസങ്ങളിലായി എത്തുന്ന അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലിലും മിന്നല്‍ പ്രളയങ്ങള്‍ക്കും കാരണമായേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും, മഴ തുടരുകയാണെങ്കില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിക്കാനും സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാവുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it