Sub Lead

ഹിമാചല്‍ മണ്ണിടിച്ചില്‍: 60 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതം (വീഡിയോ)

ഹിമാചല്‍ മണ്ണിടിച്ചില്‍: 60 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതം (വീഡിയോ)
X

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. നിരവധി പേരെ കാണാതായി. ഇവരിലേറെയും മണ്ണിടിച്ചിലില്‍ കുടുങ്ങിയ ബസിലെ യാത്രക്കാരാണ്. കിന്നൗര്‍ ജില്ലയിലെ നിഗുല്‍സാരിക്ക് സമീപം ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ദുരന്തം. അപകടസ്ഥലത്ത് കുടുങ്ങിപ്പോയ ഒരു ബസ്സും ട്രക്കും ഉള്‍പ്പെടെ അഞ്ചുവാഹനങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആബിദ് ഹുസൈന്‍ സാദിഖ് അറിയിച്ചു.

ബസ്സില്‍ 24 യാത്രക്കാരാണുണ്ടായിരുന്നത്. മണ്ണിടിച്ചിലില്‍ 60 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ഉച്ചയ്ക്ക് 12.45 ഓടെ കിന്നൗര്‍ മുതല്‍ ഷിംല വരെയുള്ള എന്‍എച്ച് 5 ലേക്ക് മലയുടെ മുകളില്‍നിന്ന് വലിയ പാറക്കല്ലുകള്‍ വീണതായി ദൃക്‌സാക്ഷികളായ ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു. സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഡ്രൈവര്‍ മഹീന്ദര്‍ പാലും കണ്ടക്ടര്‍ ഗുലാബ് സിങ്ങും ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്), നാഷനല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്) എന്നിവയുടെ യൂനിറ്റുകള്‍ക്കൊപ്പം ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി)യുടെ ടീമുകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാറകള്‍ ഇടിഞ്ഞുവീഴുന്നത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതായും അധികൃതര്‍ അറിയിച്ചു. 60 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നതായി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തില്‍നിന്ന് എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെയും ഹെലികോപ്റ്ററിന്റെയും ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചല്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കേന്ദ്രസഹായം ഉറപ്പുനല്‍കി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായതെന്നാണു റിപോര്‍ട്ട്. മണ്ണിടിച്ചിലുണ്ടായ വിവരം പുറത്തുവന്നതോടെ അടിയന്തര രക്ഷപ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it