Sub Lead

കെ എം ഷാജി ഡിജിറ്റല്‍ തെളിവ് പുറത്തുവിടണം; വെല്ലുവിളിച്ച് പ്ലസ് ടു കോഴക്കേസിലെ പരാതിക്കാരന്‍

കെ എം ഷാജി ഡിജിറ്റല്‍ തെളിവ് പുറത്തുവിടണം; വെല്ലുവിളിച്ച് പ്ലസ് ടു കോഴക്കേസിലെ പരാതിക്കാരന്‍
X

കണ്ണൂര്‍: തന്നെ തോല്‍പ്പിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയായ നികേഷ്‌കുമാറുമായി ഗൂഢാലോചന നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവ് ലഭിച്ചതിനാലാണ് മുസ് ലിം ലീഗില്‍നിന്ന് തന്നെ പുറത്താക്കിയതെന്നു പറയുന്ന കെ എം ഷാജി നട്ടെല്ലുണ്ടെങ്കില്‍ ആ തെളിവ് പുറത്തുവിടണമെന്ന് നൗഷാദ് പൂതപ്പാറ. അഴീക്കോട് ഹൈസ്‌കൂളിനു പ്ലസ് ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ആദ്യം ഉന്നയിച്ചയാളാണ് പ്രാദേശിക ലീഗ് നേതാവായ നൗഷാദ് പൂതപ്പാറ. സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ് കെ എം ഷാജി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 2016 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ പുറത്താക്കപ്പെട്ടയാള്‍ എങ്ങനെയാണ് 2017ല്‍ ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡിന്റ്, മണ്ഡലം, ജില്ലാ കൗണ്‍സിലര്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.

2018 ജൂലൈ 12 നാണ് 25 ലക്ഷം കോഴ വാങ്ങിയതു സംബന്ധിച്ച് പാര്‍ട്ടി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നല്‍കിയത്. കമ്മിറ്റി അന്വേഷണം നടത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 14ന് മുസ്തഫ അഴീക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തില്‍ ഷാജിക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് കത്തയക്കാന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് ഹാരിസിനെ ചുമതലപ്പെടുത്തി. ആഗസ്ത് 18ന് അദ്ദേഹം ഔദ്യോഗിക ലെറ്റര്‍പാഡില്‍ പരാതി അയച്ചു. ഈ രേഖകള്‍ സാമൂഹിക മാധ്യമങ്ങളില്‍ മുമ്പ് തന്നെ പ്രചരിച്ചതാണ്. എന്നാല്‍, അഴിമതി നടത്തിയ ആള്‍ക്കു പകരം പരാതി നല്‍കിയ ആളെയാണ് പുറത്താക്കിയത്. സെപ്തംബര്‍ അഞ്ചിലെ പാര്‍ട്ടി പത്രത്തിലൂടെയാണ് പുറത്താക്കല്‍ വിവരം താനറിഞ്ഞത്. ഇന്നുവരെ നേരിട്ടോ രേഖാമൂലമോ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. ലെറ്റര്‍ പാഡ് മോഷ്ടിച്ച് കൃത്രിമമായി തയ്യാറാക്കിയതാണ് പഞ്ചായത്ത് ലീഗ് സെക്രട്ടറിയുടെ കത്തെന്ന് ഷാജി മുമ്പ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. വ്യാജരേഖ സൃഷ്ടിക്കലും രേഖ മോഷണവും ജാമ്യമില്ലാ കുറ്റമാണെന്നിരിക്കെ തനിക്കെതിരേ എന്തുകൊണ്ടാണ് ഷാജിയോ പാര്‍ടിയോ നടപടി സ്വീകരിക്കാതിരുന്നതെന്നും നൗഷാദ് ചോദിച്ചു. ഷാജി പറയുന്ന ഡിജിറ്റല്‍ തെളിവിന്റെ ഒരു കോപ്പി ഹാജരാക്കിയിരുന്നെങ്കില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മണിക്കൂറുകളോളം വിയര്‍ക്കേണ്ടി വരില്ലായിരുന്നെന്നും നൗഷാദ് പൂതപ്പാറ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

KM Shaji should release digital evidence; Complainant in plus two bribery case

Next Story

RELATED STORIES

Share it