Sub Lead

കൊണ്ടോട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചു; നിയമപോരാട്ടത്തിനൊരുങ്ങി യുഡിഎഫ്

സ്വത്തു സംബന്ധിച്ചും ജീവിത പങ്കാളിയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചത് ബോധപൂര്‍വമാണെന്ന യുഡിഎഫ് വാദം തള്ളിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്.

കൊണ്ടോട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചു; നിയമപോരാട്ടത്തിനൊരുങ്ങി യുഡിഎഫ്
X

മലപ്പുറം: കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി കെ സുലൈമാന്‍ ഹാജിയുടെ പത്രിക സ്വീകരിച്ചു. മൂന്നു മണിക്കൂര്‍ നീണ്ട സൂക്ഷമ പരിശോധനക്കൊടുവിലാണ് യുഡിഎഫിന്റെ പരാതി വരണാധികാരി തള്ളിയത്. ജീവിത പങ്കാളിയുടെ വിവരങ്ങള്‍ സംബന്ധിച്ച കോളത്തില്‍ ബാധകമല്ല എന്നെഴുതിയത് ബോധപൂര്‍വമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്.

എന്നാല്‍ പത്രികയിലെ തെറ്റുകള്‍ ക്ലറിക്കല്‍ പിഴവ് മാത്രമാണെന്നാണ് എല്‍ഡിഎഫ് വാദം. സ്വത്തു സംബന്ധിച്ചും ജീവിത പങ്കാളിയെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മറച്ചുവെച്ചത് ബോധപൂര്‍വമാണെന്ന യുഡിഎഫ് വാദം തള്ളിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. സ്വത്തു സംബന്ധിച്ചും രണ്ടാം ഭാര്യയെ സംബന്ധിച്ചുമുള്ള വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് പത്രിക നല്‍കിയതെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നതോടെയാണ് തര്‍ക്കം തുടങ്ങിയത്.

സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാള്‍ പാക് പൗരയാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവര്‍ ഹാജരാക്കി. സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാന്‍ വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സുലൈമാന്‍ ഹാജിയുടെ ഒരു ഭാര്യ വിദേശത്താണ്. ദുബയില്‍ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദര്‍ എന്ന റാവല്‍പിണ്ടി സ്വദേശിയാണ് ഭാര്യമാരില്‍ ഒരാള്‍ എന്നതിന്റെ രേഖകളും യുഡിഎഫ്‌നേതാക്കള്‍ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളുകയാണ് ഉണ്ടായത്. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ നിയമ വശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്.

Next Story

RELATED STORIES

Share it