Sub Lead

സ്റ്റിങ് ഓപറേഷന്‍ ഗൂഢാലോചന: പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍

ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിങ് ഓപറേഷന് പിന്നില്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും രാഘവന്‍ പറഞ്ഞു.

സ്റ്റിങ് ഓപറേഷന്‍ ഗൂഢാലോചന:  പൊട്ടിക്കരഞ്ഞ് എം കെ രാഘവന്‍
X

കോഴിക്കോട്: ഹിന്ദി ന്യൂസ് ചാനല്‍ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍. തനിക്കെതിരായി ടിവി 9 ചാനല്‍ നടത്തിയ ഒളികാമറ സ്റ്റിങ് ഓപറേഷന്‍ ഗൂഢാലോചനയാണെന്നു അദ്ദേഹം ആരോപിച്ചു.

ഇനി തന്നെ അപമാനിക്കാന്‍ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്റെ സ്റ്റിങ് ഓപറേഷന് പിന്നില്‍ സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും രാഘവന്‍ പറഞ്ഞു. നമ്പി നാരായണന്‍ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാന്‍ കഴിയില്ലെന്നും എം കെ രാഘവന്‍ വിങ്ങിപ്പൊട്ടി.

ദേശാഭിമാനിയില്‍ കോഴ ആരോപണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാണ് എം കെ രാഘവന്റെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലുള്ള പാര്‍ട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവന്‍ ആരോപിച്ചു.സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഡല്‍ഹിയിയില്‍നിന്നു മാധ്യമപ്രവര്‍ത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ ആരോപണം പ്ലാന്റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തേ, ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്നും പൊതു ജീവിതം അവസാനിപ്പിക്കാമെന്നും ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വീട്ടിലെത്തിയ രണ്ടു പേരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഹോട്ടലിനാവശ്യമായ സ്ഥലം എടുത്തു നല്‍കുന്നതിന് അഞ്ചു കോടി ചോദിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. കുറച്ചുകാലമായി നടക്കുന്ന വ്യക്തിഹത്യയുടെ ഭാഗമാണിത്. ഇതിനു പിറകില്‍ ഗൂഢാചോചനയുണ്ട്. പറയാത്ത കാര്യങ്ങള്‍ എഡിറ്റ് ചെയ്തും ഡബ്ബ് ചെയ്തും ചേര്‍ക്കുകയായിരുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ഉടന്‍ പരാതി നല്‍കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരോട് കോഴ ആവശ്യപ്പെട്ടതായി ആരോപിച്ചുകൊണ്ടുള്ളതാണ് ടിവി 9 പുറത്തുവിട്ട റിപ്പോര്‍ട്ട്. സിങ്കപ്പൂര്‍ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്‍കണമെന്നും ഡല്‍ഹിയിലെ ഓഫിസ് സെക്രട്ടറിയെ പണമായി ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാറ ദൃശ്യങ്ങളിലുള്ളത്.

Next Story

RELATED STORIES

Share it