Sub Lead

ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹരജി; മഥുര കോടതി നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഹരജി; മഥുര കോടതി നടപടികള്‍ സ്‌റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
X

ലഖ്‌നോ: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മഥുര കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ തുടര്‍നടപടികള്‍ അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത് ശ്രീകൃഷ്ണ ജന്‍മഭൂമിയുടെ ഭൂമിയിലാണെന്നും പൊളിച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്‍മഭൂമി ട്രസ്റ്റും മറ്റ് സ്വകാര്യകക്ഷികളും നല്‍കിയ ഹരജിയില്‍ മഥുര കോടതിയുടെ പരിഗണനയിലുള്ള നടപടികളാണ് അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന മഥുര ജില്ലാ ജഡ്ജിയുടെ 2022 മെയ് 19ലെ വിധിയും ഉത്തരവും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സലില്‍ കുമാര്‍ റായിയുടെ ബെഞ്ചിന്റെ ഉത്തരവ്.

നേരത്തെ ഈ ഹരജി സാധുവല്ലെന്ന് ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതി തള്ളിയ നടപടി മറികടന്നാണ് മഥുര ജില്ലാ കോടതി ഹരജി ഫയലില്‍ സ്വീകരിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 227 പ്രകാരം യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡാണ് മഥുര ജില്ലാ കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സിവില്‍ കോടതിയില്‍ ആധാരമായ കേസിന്റെ മൂല്യം 25 ലക്ഷം രൂപയ്ക്ക് മുകളിലായതിനാല്‍ മഥുര ജില്ലാ ജഡ്ജിക്ക് വാദം കേള്‍ക്കാന്‍ കഴിയില്ലെന്നും മുന്‍ ഉത്തരവ് കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നും ഹരജിക്കാര്‍ വാദിച്ചു.

ഇത് കണക്കിലെടുത്ത് ഹൈക്കോടതി രജിസ്‌റ്റേര്‍ഡ് തപാല്‍ മുഖേന 1 മുതല്‍ 11 വരെയുള്ള കക്ഷികള്‍ക്ക് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് അയച്ചു. രജിസ്ട്രാര്‍ക്ക് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കുന്ന മുറയ്ക്ക് വാദം കേള്‍ക്കാന്‍ തിയ്യതി നിശ്ചയിക്കാം. വേണമെങ്കില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കക്ഷികള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, രണ്ടില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ മുസ്‌ലിംകള്‍ പ്രവേശിക്കുന്നതും നമസ്‌കരിക്കുന്നതും സ്ഥിരമായി തടയണമെന്നും പള്ളി അടച്ചൂപൂട്ടി സീല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികളാണ് മഥുര കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഒരു സംഘം അഭിഭാഷകരും നിയമവിദ്യാര്‍ഥികളുമാണ് കോടതിയെ സമീപിച്ചത്. നേരത്തേ വിവിധ ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ ഒമ്പത് ഹരജികള്‍ നിലനില്‍ക്കെയാണിത്.

ഷാഹി ഈദ്ഗാഹില്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ലഖ്‌നോ ആസ്ഥാനമായുള്ള അഭിഭാഷകനായ ശൈലേന്ദ്ര സിങാണ് മഥുര ജില്ല കോടതിയില്‍ ഹരജി നല്‍കിയത്. മസ്ജിദ് വളപ്പില്‍ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും രണ്ടാമത്തെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഗ്യാന്‍വാപി പള്ളി പോലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലും ഹിന്ദുമത അടയാളങ്ങളുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് ഹരജിക്കാരനായ താക്കൂര്‍ കേശവ് ദേവ് മഹാരാജിന്റെ അഭിഭാഷകന്‍ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞിരുന്നു.

ഷാഹി ഈദ്ഗാഹ് പള്ളി സീല്‍ ചെയ്യാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹേന്ദ്ര സിങ് പറഞ്ഞിരുന്നു. പള്ളി പൊളിച്ചുനീക്കണമെന്നും 13.37 ഏക്കര്‍ ഭൂമി ക്ഷേത്ര പ്രതിഷ്ഠയുടെ പേരില്‍ കൈമാറണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹരജി തള്ളിയ കീഴ്‌ക്കോടതി നടപടി വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും തങ്ങളുടെ മതവിശ്വാസത്തിനുള്ള അവകാശം ഹനിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഹരജിക്കാര്‍ അപ്പീലില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it