Sub Lead

കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; പുതിയ വിസിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി

കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; പുതിയ വിസിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരെന്ന് ഹൈക്കോടതി
X

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. കെടിയു വിസിയായി സിസ തോമസിനെ നിയമിച്ചത് താല്‍ക്കാലികം തന്നെയെന്നും പുതിയ വിസിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സിസ തോമസിന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സ്ഥിരം വിസിയെ നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

പ്രത്യേക സാഹചര്യത്തില്‍ ഗവര്‍ണര്‍ എടുത്ത ഒരു തീരുമാനമായതിനാല്‍ നിയമനം റദ്ദാക്കുന്നില്ല. സര്‍ക്കാരിന് പുതിയ പാനല്‍ നിര്‍ദേശിക്കാം. ആ പാനലില്‍ നിന്ന് ഒരാള്‍ക്ക് താല്‍ക്കാലിക വിസിയുടെ ചുമതല ഗവര്‍ണര്‍ കൊടുക്കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം മാത്രമേ ഗവര്‍ണര്‍ക്ക് നിയമനം നടത്താന്‍ സാധിക്കൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കെടിയു ആക്ട് പ്രകാരം ഇടക്കാല വിസി നിയമനത്തിനുള്ള പേരുകള്‍ നല്‍കേണ്ടത് സര്‍ക്കാരാണ്.

എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ക്ക് പുറത്തുനിന്നാണ് സിസാ തോമസിന്റെ നിയമനം നടന്നിരിക്കുന്നത്. പുതിയ ഇടക്കാല വിസി നിയമനത്തിനുള്ള പട്ടിക സര്‍ക്കാരിന് കൈമാറാം. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരുടെ പട്ടികയാവണം ചാന്‍സലര്‍ക്ക് കൈമാറേണ്ടത്. പട്ടിക ലഭിച്ചശേഷം ഉചിതമായ തീരുമാനം ചാന്‍സലര്‍ക്ക് കൈക്കൊള്ളാം- ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സിസാ തോമസിന്റെ നിയമനം റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. സിംഗിള്‍ ബെഞ്ച് ഈ ആവശ്യം തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Next Story

RELATED STORIES

Share it