Sub Lead

''വഖ്ഫ് ഭേദഗതി നിയമം ഗോത്രവര്‍ഗങ്ങളിലെ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നത്''; സുപ്രിംകോടതിയെ സമീപിച്ച് ലക്ഷദ്വീപ് എംപി

വഖ്ഫ് ഭേദഗതി നിയമം ഗോത്രവര്‍ഗങ്ങളിലെ മുസ്‌ലിംകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നത്; സുപ്രിംകോടതിയെ സമീപിച്ച് ലക്ഷദ്വീപ് എംപി
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ലക്ഷദ്വീപില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മുഹമ്മദ് ഹംദുല്ലാ സഈദ് സുപ്രിംകോടതിയെ സമീപിച്ചു. 1995ലെ വഖ്ഫ് നിയമത്തില്‍ 2025ലെ ഭേദഗതിയിലൂടെ ചേര്‍ത്ത സെക്ഷന്‍ 3-ഇയെ ആണ് ഹരജിക്കാരന്‍ പ്രത്യേകമായി ചോദ്യം ചെയ്യുന്നത്. ഭരണഘടനയുടെ അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളുകള്‍ക്ക് കീഴില്‍ വരുന്ന ആദിവാസി മേഖലകളിലെ സ്വത്തുക്കള്‍ക്ക് മുകളില്‍ വഖ്ഫ് സൃഷ്ടിക്കുന്നത് തടയുന്നതാണ് ഈ വ്യവസ്ഥ.

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം പട്ടികവര്‍ഗത്തില്‍പ്പെട്ടവരും ഇസ്‌ലാം മതം ആചരിക്കുന്നവരുമായ തന്നെപ്പോലുള്ള വ്യക്തികളെ ഗോത്ര, മത സ്വത്വങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ഈ വ്യവസ്ഥയെന്ന് മുഹമ്മദ് ഹംദുല്ലാ സഈദ് ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നില്‍ തുല്യതയും മതസ്വാതന്ത്ര്യവും സ്വത്തവകാശവും ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ അനുഛേദങ്ങളുടെ ലംഘനമാണ് ഈ നിര്‍ബന്ധിത തിരഞ്ഞെടുക്കല്‍. പട്ടികവര്‍ഗക്കാരുടെ ഭൂമി സംരക്ഷിക്കുന്നതിനാണ് ഈ വ്യവസ്ഥ നടപ്പാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പക്ഷെ, ഇത് പട്ടികവര്‍ഗത്തിലെ മുസ്‌ലിം അംഗങ്ങളുടെ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിത്.

ജമ്മു കശ്മീരിലെ ബക്കര്‍വാള്‍സ്, വടക്കേ ഇന്ത്യയിലുടനീളമുള്ള നാറ്റ് കമ്മ്യൂണിറ്റി തുടങ്ങിയ അഞ്ചാം ഷെഡ്യൂള്‍ പ്രദേശങ്ങള്‍ക്ക് കീഴിലുള്ള നിരവധി ഗോത്രങ്ങളിലെ നിരവധി പേര്‍ ഇസ്‌ലാം മത വിശ്വാസികളാണ്. ആറാം ഷെഡ്യൂള്‍ പ്രദേശങ്ങളില്‍ പോലും പട്ടികവര്‍ഗ വിഭാഗങ്ങളിലെ അംഗങ്ങള്‍ ഇസ്‌ലാം പിന്തുടരുന്നു. ഇസ്‌ലാം മതവിശ്വാസികളായ പട്ടികവര്‍ഗക്കാരെ മതപരവും ജീവകാരുണ്യപരവുമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ നിന്ന് ഏകപക്ഷീയമായി ഒഴിവാക്കുകയും ഗോത്രവര്‍ഗക്കാരല്ലാത്ത മുസ്‌ലിംകളെ അത് ചെയ്യാന്‍ അനുവദിക്കുകയും പട്ടികവര്‍ഗ അംഗങ്ങളെ അവരുടെ മതപരമോ ഗോത്രപരമോ ആയ ഏതെങ്കിലുമൊരു സ്വത്വം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്. സ്വന്തം ഇഷ്ടാനുസരണം സ്വത്ത് ഉപയോഗിക്കാനുള്ള അവകാശത്തിന്മേലുള്ള അന്യായമായ നിയന്ത്രണവുമാണിതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. മണിപ്പൂര്‍ നിയമസഭാംഗമായ ശെയ്ഖ് നൂറുല്‍ ഹസനും ഇതേ വ്യവസ്ഥയെ ചോദ്യം ചെയ്ത് ഹരജി ഫയല്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it