Sub Lead

വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി

വധശ്രമക്കേസില്‍ 10 വര്‍ഷം തടവ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി
X

ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ കവരത്തി കോടതി 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. വധശ്രമകേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോകസഭ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്. കോടതി ഉത്തരവ് വന്ന 11 മുതല്‍ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം മുഹമ്മദ് ഫൈസല്‍ അയോഗ്യനായതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

എംപിയെ ശിക്ഷിച്ചത് ലോക്‌സഭാ സ്പീക്കറെയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയെയും അറിയിക്കണമെന്ന് കവരത്തി സെഷന്‍സ് കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നായിരുന്നു ആന്ത്രോത്ത് പോലിസ് 2009ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. ഇതില്‍ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവാണ് ശിക്ഷ. കേസില്‍ ആകെ 32 പ്രതികളുണ്ട്. ഇതില്‍ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസല്‍. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

ക്രിമിനല്‍ കേസില്‍ രണ്ടുവര്‍ഷത്തിലധികം തടവിന് കോടതി ശിക്ഷിച്ചാല്‍ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8.2 വകുപ്പ് പ്രകാരവും ഇന്ത്യന്‍ ഭരണഘടനയുടെ 102ാം അനുഛേദപ്രകാരവുമാണ് ഇപ്പോള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ ലോകസഭാ അംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പ് ലോക്‌സഭാ സെക്രട്ടേറിയേറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്.

Next Story

RELATED STORIES

Share it