Sub Lead

ലാവ്‌ലിന്‍ അഴിമതിക്കേസ് നാളെ സുപ്രിംകോടതിയില്‍; പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

ലാവ്‌ലിന്‍ അഴിമതിക്കേസ് നാളെ സുപ്രിംകോടതിയില്‍;   പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ പരിഗണിക്കും
X

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ജസ്റ്റിസുമാരായ വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിലവിലുള്ള പ്രതികളും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

അതേസമയം, ഇപ്പോള്‍ സുപ്രിംകോടതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ലെന്നും ഓണ്‍ലൈന്‍ ആയാണ് കോടതി കേസ് കേള്‍ക്കുന്നതെന്നും അതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായശേഷം മാത്രം കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പ്രതിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവും കോടതി പരിഗണിക്കും.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

2017 ഒക്ടോബറിലാണ് ലാവ്‌ലിന്‍ അഴിമതിക്കേസ് സുപ്രിംകോടതിയിലെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു അവസാനം കേസ് പരിഗണനയ്ക്ക് വന്നത്.

കഴിഞ്ഞ തവണ ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയും ഹര്‍ജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെ കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടത്.

Next Story

RELATED STORIES

Share it