Sub Lead

കേരളത്തിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി; വിവാദങ്ങള്‍ക്കിടെ നവകേരളാ സദസ്സിന് തുടക്കം

കേരളത്തിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി; വിവാദങ്ങള്‍ക്കിടെ നവകേരളാ സദസ്സിന് തുടക്കം
X
മഞ്ചേശ്വരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥവൃന്ദവും നടത്തുന്ന നവകേരളാ സദസ്സിന്

മഞ്ചേശ്വരം പൈവളിഗെയില്‍ തുടക്കം. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനും വാഹനം സംബന്ധിച്ച വിവാദങ്ങള്‍ക്കുമിടെയാണ് തുടക്കം കുറിച്ചത്. കേരളത്തില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ക്ക് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും 2016ന് മുമ്പ് എല്ലാ മേഖലയിലും കേരളത്തിലെ ജനങ്ങള്‍ കടുത്ത നിരാശയിലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് കാണുന്ന പല മാറ്റങ്ങളും സംഭവിക്കുമായിരുന്നോ എന്നും ചോദിച്ചു. അതിനിടെ, ചെങ്കളയില്‍ ബസ് അല്‍പ്പനേരം നിര്‍ത്തിയിട്ടത് കേടുപാട് കാരണമാണെന്ന വിവാദത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. ചെങ്കള മുതലുള്ള ദേശീയ പാതയുടെ റീച്ച് നല്ല വേഗതയിലാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഏറെക്കുറെ പൂര്‍ത്തിയായ ഭാഗത്ത് ഇറങ്ങിനിന്ന് അതൊന്ന് കാണണം എന്ന് തോന്നി. അത് കണ്ണിന് നല്ല കുളിര്‍മ നല്‍കുന്ന കാഴ്ചയായിരുന്നു. അതുകൊണ്ടാണ് നവകേരളാ സദസ്സിലേക്ക് വരുമ്പോള്‍ വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ദേശീയപാതാ വികസനം ഇനി നടക്കില്ലെന്ന് കരുതിയവരെല്ലാം ഇപ്പോള്‍ ആ വിശ്വാസത്തില്‍ അല്ല. സമയബന്ധിതമായി പൂര്‍ത്തിയാവുമെന്ന ഉറച്ച വിശ്വാസത്തിലാണ്. 2016ന് മുമ്പ് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇവിടെ തുടര്‍ന്നിരുന്നതെങ്കില്‍ ഈ മാറ്റം ഉണ്ടാവുമായിരുന്നോ. നവകേരളാ സദസ്സ് പൂര്‍ണമായും ഒരു സര്‍ക്കാര്‍ പരിപാടിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍നിന്ന് എങ്ങനെയെങ്കിലും മറച്ചുവയ്ക്കണമെന്ന് അതീവ നിക്ഷിപ്ത താല്‍പര്യത്തോടെ, സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് വിരുദ്ധരായ ശക്തികള്‍ ആഗ്രഹിക്കുകയാണ്. എന്നാലത് സംസ്ഥാന താല്‍പര്യമല്ല. അവര്‍ക്കൊപ്പം ജനങ്ങളില്ല. ജനങ്ങള്‍ അതിനോടൊപ്പം അണിനിരക്കാനും തയ്യാറല്ല. അതിനാലാണ് 2021ല്‍ കേരള ജനത എല്‍ഡിഎഫ് സര്‍ക്കാരിനെ 99 സീറ്റുകള്‍ നല്‍കി തുടര്‍ഭരണം സമ്മാനിച്ചത്. ആ സര്‍ക്കാരിനോട് രാഷ്ട്രീയമായ ഭിന്നത കോണ്‍ഗ്രസിനും യുഡിഎഫിനും ഉണ്ടാവും. ബിജെപിക്ക് വല്ലാത്തൊരു അസഹിഷ്ണുതയും ഉണ്ടാവാം. പക്ഷേ, നാടിനുവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇവിടെ നടക്കാന്‍ പാടില്ലെന്നും ഇപ്പോഴത് വേണ്ടെന്നും നിലപാട് എടുക്കുന്നതിന് എന്താണ് അര്‍ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Next Story

RELATED STORIES

Share it