Sub Lead

'പാഠം ഒന്ന്: പ്രതിരോധം'; ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു മെഹ്റിനെ വിളിച്ച് അഭിനന്ദിക്കുകയും അടുത്ത ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു

പാഠം ഒന്ന്: പ്രതിരോധം; ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു
X

തൃശ്ശൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനെ കുറിച്ചുള്ള സന്ദേശമടങ്ങിയ ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. ചാവക്കാട് ബൈപാസിലെ സംവിധായകനും കഥാകൃത്തുമായ ഷെബി ചാവക്കാടിന്റെ മകളും തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ മെഹ്‌റിന്‍ ഷബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'പാഠം ഒന്ന്: പ്രതിരോധം' എന്ന ഹ്രസ്വചിത്രമാണ് ദേശീയതലത്തില്‍ തന്നെ കൈയടി നേടുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ചു നിരന്തരം കേള്‍ക്കുന്ന വാര്‍ത്തകളാണ് ഹ്രസ്വചിത്രത്തിനു പ്രചോദനമായതെന്നും ഇത്തരം കേസുകളില്‍ വളരെ അപൂര്‍വം പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും മെഹ്‌റിന്‍ പറയുന്നു. അവര്‍ക്കാവട്ടെ ജയിലുകളില്‍ നല്ല ഭക്ഷണവും സുഖജീവിതവുമാണ് ലഭിക്കുന്നത്. ഈയവസരത്തില്‍ ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ തയ്യാറെടുക്കുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യാന്‍ ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ പ്രാപ്തരാവണമെന്നുമാണ് ഹ്രസ്വചിത്രത്തിലെ സന്ദേശം. അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം മെഹ്‌റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ആറാം ക്ലാസുകാരി മെഹ്‌റിന്‍ തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രം യൂ ട്യൂബില്‍ കണ്ട് നിരവധി പേരാണ് കുഞ്ഞു മെഹ്‌റിനു അഭിനന്ദനം ചൊരിയുന്നത്. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് ആത്തവാലെയും അഭിനന്ദിച്ച് സന്ദേശം അയച്ചിട്ടുണ്ട്. പുതുലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ ശിശുപീഢനത്തിനെതിരായ ശക്തമായ പ്രതികരണമായി 'പാഠം ഒന്ന്: പ്രതിരോധം' എന്ന ഹൃസ്വചിത്രം നില കൊള്ളുന്നതായും വിദ്യാര്‍ഥികളുടെ മനസ്സിനെയും വ്യക്തിത്വത്തെയും സ്വാധീനിക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു മെഹ്റിനെ വിളിച്ച് അഭിനന്ദിക്കുകയും അടുത്ത ഹ്രസ്വചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

ചിത്രത്തിന്റെ കാമറയും എഡിറ്റിങും നിര്‍വഹിച്ചത് മെഹ്‌റിന്റെ സഹോദരന്‍ അഫ്‌നാന്‍ റെഫിയാണ്. നേരത്തേ 'തുള്ളി' എന്ന കൊച്ചു ചിത്രമൊരുക്കി മെഹ്‌റിന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. മൂക്കുത്തല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മെഹ്‌സാനയാണ് മാതാവ്. സുരേഷ് പുന്നശ്ശേരില്‍, തന്‍വീര്‍ അബൂബക്കര്‍ എന്നിവരാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. സ്മിത ആന്റണി-സംഗീതം, ദുല്‍ഫന്‍ റെഫി-അസോഷ്യേറ്റ് ഡയറക്ടര്‍, വിഷ്ണു രാംദാസ്-ഡിസൈനര്‍, എസ് മുരുഗന്‍-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മുഹമ്മദ് റിഷിന്‍-ക്രിയേറ്റിവ് കോണ്‍ട്രിബ്യൂഷന്‍ എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ മെഹ്‌റിന്റെ കൂട്ട്.

'Lesson One: Defense'; The short film of a sixth grade student is remarkable




Next Story

RELATED STORIES

Share it