Sub Lead

''നാം ഉര്‍ദുവുമായും മറ്റു ഭാഷകളുമായും സൗഹൃദം സ്ഥാപിക്കണം'': സുപ്രിംകോടതി; മഹാരാഷ്ട്രയിലെ പട്ടൂര്‍ മുന്‍സിപ്പാലിറ്റിയുടെ ബോര്‍ഡില്‍ ഉര്‍ദു ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത ഹരജി തള്ളി

നാം ഉര്‍ദുവുമായും മറ്റു ഭാഷകളുമായും സൗഹൃദം സ്ഥാപിക്കണം: സുപ്രിംകോടതി; മഹാരാഷ്ട്രയിലെ പട്ടൂര്‍ മുന്‍സിപ്പാലിറ്റിയുടെ ബോര്‍ഡില്‍ ഉര്‍ദു ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത ഹരജി തള്ളി
X

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പട്ടൂര്‍ മുന്‍സിപ്പാലിറ്റിയുടെ ബോര്‍ഡില്‍ ഉര്‍ദു ഭാഷ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത ഹരജി സുപ്രിംകോടതി തള്ളി. വര്‍ഷ ബാഗ്ഡ എന്ന ഹിന്ദുത്വ പ്രവര്‍ത്തകയുടെ ഹരജിയാണ് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയിരിക്കുന്നത്. ഉര്‍ദു ഉപയോഗിക്കാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

''ഉര്‍ദു ഇന്ത്യയ്ക്ക് അന്യമാണെന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഉര്‍ദുവിനെതിരെയുള്ള മുന്‍വിധി ഉടലെടുക്കുന്നത്. മറാത്തി, ഹിന്ദി എന്നിവ പോലെ ഉര്‍ദുവും ഒരു ഇന്തോ-ആര്യന്‍ ഭാഷയാണ്. ഈ നാട്ടില്‍ ജനിച്ച ഒരു ഭാഷയാണത്. ആശയങ്ങള്‍ കൈമാറാനും പരസ്പരം ആശയവിനിമയം നടത്താനും ആഗ്രഹിക്കുന്ന വ്യത്യസ്ത സാംസ്‌കാരിക മേഖലകളില്‍പ്പെട്ട ആളുകളുടെ ആവശ്യകത കൊണ്ടാണ് ഉര്‍ദു ഇന്ത്യയില്‍ വികസിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തത്. നിരവധി പ്രശസ്ത കവികളുടെ ഇഷ്ടഭാഷയായി മാറുകയുമുണ്ടായി. രാജ്യത്തെ വിവിധ ഭാഷകളില്‍ ഉര്‍ദു വാക്കുകള്‍ നിരവധിയാണ്. ഉര്‍ദു വാക്കുകളോ ഉര്‍ദുവില്‍ നിന്ന് ഉരുത്തിരിഞ്ഞ വാക്കുകളോ ഉപയോഗിക്കാതെ ഹിന്ദിയില്‍ സംസാരിക്കാന്‍ കഴിയില്ല. ഹിന്ദി എന്ന വാക്കുതന്നെ 'ഹിന്ദ്‌വി' എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. സംസ്‌കൃതം ഉള്‍പ്പെടെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് കടമെടുത്ത നിരവധി പദങ്ങള്‍ ഉര്‍ദുവിലുണ്ട്. ഈ കൊടുക്കല്‍ വാങ്ങല്‍ രണ്ടു വശത്തേക്കുമുണ്ട്. രാജ്യത്തെ സിവില്‍, ക്രിമിനല്‍ നിയമങ്ങളിലും കോടതി ഭാഷയിലും ഉര്‍ദു വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. അദാലത്ത് മുതല്‍ ഹലഫ്‌നാമ വരെയും പേഷി വരെയും, ഇന്ത്യന്‍ കോടതികളുടെ ഭാഷയില്‍ ഉര്‍ദുവിന്റെ സ്വാധീനം വളരെ വലുതാണ്. സുപ്രിംകോടതിയില്‍ നിരവധി ഉര്‍ദു പദങ്ങള്‍ ഉപയോഗിക്കുന്നു. ഇതില്‍ വക്കാലത്ത് നാമ അതിന് ഉദാഹരണമാണ്. ഭാഷ മതമല്ല. ഭാഷ മതത്തെ പ്രതിനിധീകരിക്കുന്നില്ല. ഭാഷ ഒരു സമൂഹത്തിനും ഒരു പ്രദേശത്തിനും ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്; ഒരു മതത്തിനും അവകാശപ്പെട്ടതല്ല.''-കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it