Sub Lead

വയനാട് തൊണ്ടാര്‍ പദ്ധതിക്കെതിരേ പ്രദേശവാസികളുടെ സമരസംഗമം

വയനാട് തൊണ്ടാര്‍ പദ്ധതിക്കെതിരേ പ്രദേശവാസികളുടെ സമരസംഗമം
X

മാനന്തവാടി: മൂളിത്തോട് തൊണ്ടാര്‍ ഡാം പദ്ധതി ഞങ്ങള്‍ക്കുവേണ്ട എന്ന മുദ്രാവാക്യമുയര്‍ത്തി എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങള്‍ മൂളിത്താട് എഎല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമര സംഗമം നടത്തി. ഉച്ചയോടെ പത്തോളം ആക്ഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രകടനമായാണ് ജനങ്ങള്‍ കുടുംബ സമേതം നഗരിയിലെത്തിയത്. വയനാടിന്റെ ആവാസ വ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവുംതകര്‍ത്ത് തൊണ്ടാറില്‍ അണ കെട്ടാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിലെത്തിയനൂറുകണക്കിനാളുകള്‍ പ്രതിജ്ഞയെടുത്തു. ഈ നാടാണ് ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറ. ഈ ഗ്രാമങ്ങളും കുന്നുകളും വയലുകളും നെല്‍പാടങ്ങളുമാണ് ഞങ്ങളുടെ ജീവന്റെ ശ്വാസം. അത് നശിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഞങ്ങള്‍ വികസനത്തിന് എതിരല്ല. പക്ഷേ, നാടിനെ തകര്‍ക്കുന്ന, പ്രകൃതിയെ നശിപ്പിക്കുന്ന,ജീവനോപാധികളെ മുക്കിക്കളയുന്ന ഒന്നിനെയും ഈ നാട്ടില്‍ അനുവദിക്കില്ലന്നും സമരസംഗമം അംഗീകരിച്ച പ്രമേയം പറഞ്ഞു.

450 കോടി മുടക്കി തൊണ്ടാറില്‍ അണകെട്ടുന്നതിന്റെ യുക്തിയും ശാസ്ത്രീയ അടിത്തറയും ഞങ്ങള്‍ക്കറിയാന്‍ അവകാശമുണ്ട്. രണ്ട് വന്‍ അണകെട്ടുകളുടെ സോഷ്യല്‍ ഓഡിറ്റിങ് നടത്തണം. കാരാപ്പുഴ പദ്ധതി വരുമ്പാള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എന്ത് കൊണ്ട് പാലിച്ചില്ല?. ബാണാസുരയില്‍ ജലസംഭരണിയുടെ 30 ശതമാനം കൃഷിക്ക് കൊടുക്കണമെന്ന്സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് കൊടുത്ത വ്യവസ്ഥ പാലിക്കപ്പെട്ടില്ല. കോടികളുടെ അഴിമതിക്കഥകളാണ് പുറത്ത് വന്നത്. ഈ രണ്ട് അണകെട്ടുകളില്‍ നിന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും വെള്ളം കൊടുക്കാനുള്ള ഡിപിആറാണ് അധികൃതര്‍ തയ്യാറാക്കേണ്ടത്. പദ്ധതി പ്രദേശത്ത് ഡാം കെട്ടാന്‍ സര്‍വേ അനുവദിക്കില്ല. പദ്ധതി പ്രദേശത്തെ ജനങ്ങളില്‍ ഹിതപരിശോധനയ്ക്ക് അധികൃതര്‍ തയ്യാറാവണമെന്നും സമര സംഗമംഅംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വരള്‍ച്ചയും അണകെട്ടുകളും വലിയ ബന്ധമുണ്ട്. വികസനം വേണം. പുതിയ കാലത്ത് ലോകം വന്‍കിട അണക്കെട്ടുകള്‍ തള്ളിക്കളയുമ്പോള്‍ നമ്മളും വികസന കാഴ്ചപ്പാടുകള്‍ക്ക് പുതിയ ആഖ്യാനങ്ങള്‍ കാണേണ്ടതുണ്ട്. പദ്ധതി ബാധിതരായ ആളുകളെ അധികൃതര്‍ കൃത്യമായി കേള്‍ക്കണം. അവര്‍ ആശങ്ക ഉയര്‍ത്തിയാല്‍ ശാസ്ത്രീയ അടിത്തറ ഇല്ലെങ്കില്‍ കൂടി നിര്‍ത്തിവയ്ക്കണം എന്നാണ് നിയമം. ഈ അന്താരാഷ്ട്ര നിയമത്തില്‍ ഒപ്പുവച്ച രാജ്യമാണ് ഇന്ത്യ. 5700 ഡാമുകളിലായി അഞ്ചു കോടി ജനങ്ങള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 45 ശതമാനവും ആദിവാസികളും പാവങ്ങളുമാണ്. ഇവിടെയും സംഭവിക്കാന്‍ പോകുന്നത് ഇതാണ്. പദ്ധതിയെപ്പറ്റി കൃത്യമായ ധാരണ നല്‍കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. ഫാദര്‍ സ്റ്റീഫന്‍ മാത്യു അധ്യക്ഷത വഹിച്ചു. സമരസമിതി കോ-ഓഡിനേറ്റര്‍ എസ് ഷറഫുദ്ദീന്‍ ആമുഖപ്രഭാഷണം നടത്തി. വി അബ്ദുല്ലഹാജി സമര പ്രഖ്യാപനം നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് മാസ്റ്റര്‍, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്അംബിക ഷാജി,വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയര്‍മാന്‍ എന്‍ ബാദുഷ, തോമസ് അമ്പലവയല്‍, ഷബീറലി, വയനാട് ജില്ലാ പഞ്ചായത്ത് മെംബര്‍ കെ വിജയന്‍, യു സി ഹുസയ്ന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ കെ വി വിജോള്‍, പി ചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ ലതാ വിജയന്‍, പി പി മൊയ്തീന്‍, ബ്രാന്‍ അഹമ്മദ് കുട്ടി, ജോര്‍ജ് പടക്കൂട്ടില്‍, ജനറല്‍ കണ്‍വീനര്‍ ആര്‍ രവീന്ദ്രന്‍, കെ റഫീഖ് സംസാരിച്ചു.

Locals protest against Wayanad Thondar project

Next Story

RELATED STORIES

Share it