Sub Lead

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്; നുണപ്രചാരണവുമായി വീണ്ടും ഇടയലേഖനം

സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ത്ഥനാ നിയോഗമായി നമുക്ക് സമര്‍പ്പിക്കാം.

ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്; നുണപ്രചാരണവുമായി വീണ്ടും ഇടയലേഖനം
X

കണ്ണൂര്‍: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കള്‍ വര്‍ധിക്കുകയാണെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോവാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണമെന്ന്, ഞായറാഴ്ച തലശ്ശേരി അതിരൂപതയിലെ പള്ളികളില്‍ വായിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനത്തില്‍ പറയുന്നു.

'സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ത്ഥനാ നിയോഗമായി നമുക്ക് സമര്‍പ്പിക്കാം. മക്കള്‍ സുരക്ഷിതരായിരിക്കാന്‍ എട്ടുനോമ്പില്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം'' ഇടയലേഖനം പറയുന്നു.

കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നാര്‍ക്കോട്ടിക്‌ലൗ ജിഹാദികള്‍ ഇരയാക്കുന്നെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന വാദവുമായി സിറോ മലബാര്‍ സഭയും രംഗത്തെത്തിയിരുന്നു.

ലൗ ജിഹാദ് ആരോപണം വന്ന വഴി

ലൗ ജിഹാദ് ആരോപണം നേരത്തേ സുപ്രിംകോടതിയും കേന്ദ്ര സര്‍ക്കാരും തള്ളിയിരുന്നെങ്കിലും ക്രിസ്ത്യന്‍സഭ ഇത് നിരന്തരം ഉപയോഗിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരേ അതത് സമയങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കത്തോലിക്കാ സഭ ഇത് തുടരുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍ നടക്കുന്നത്.

മലയാള ദിനപത്രമായ കേരള കൗമുദിയിലായിരുന്നു ലൗ ജിഹാദ് ആരോപണ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ ഈ വിവാദം ചൂടുപിടിച്ചു. കേരള കൗമുദി ഫ്‌ലാഷ് റിപോര്‍ട്ടര്‍ ജയന്‍ കോന്നി എന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്നു ലൗ ജിഹാദ് എന്ന സംഘപരിവാര്‍ ആരോപണത്തിന് മാധ്യമങ്ങളില്‍ ഇടം നല്‍കിയത്.

ഈ വിവാദത്തെത്തുടര്‍ന്ന് ലൗ ജിഹാദിനെ കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവര്‍ക്കുള്ള ദേശീയ അന്തര്‍ദേശീയ ബന്ധവും അത്തരക്കാര്‍ക്ക് മയക്കുമരുന്ന് കൊള്ളസംഘങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേരള ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത്തരത്തില്‍ സംഘടനകള്‍ കേരളത്തില്‍ ഉള്ളതിനു തെളിവില്ലെന്നു വ്യക്തമാക്കി. കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, 'ഭീകര പ്രവര്‍ത്തനങ്ങള്‍' തുടങ്ങിയ ആരോപിതമായ പ്രവര്‍ത്തനങ്ങളുമായി വിവാദ മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലെന്ന് ഡിജിപി നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

'ലൗ ജിഹാദ്' വഴി ദക്ഷിണ കര്‍ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണാടക പോലിസ് ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്തംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതെന്ന് റിപോര്‍ട്ട് ചെയ്തത് എന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.

കലാലയ ക്യാംപസുകളിലും മറ്റും വ്യത്യസ്ത മതവിഭാഗക്കാര്‍ക്കിടയിലെ പ്രണയം സാധാരണമായപ്പോള്‍ അത്തരം സംഭവങ്ങളില്‍ നിന്ന് മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്നവയെ മാത്രം എടുത്തുകാട്ടി, മുസ്‌ലിം സമുദായത്തിനെതിരേയുള്ള പ്രചരണത്തില്‍ ആയുധമാക്കാനുള്ള ശ്രമമാണ് ലൗ ജീഹാദ് വിവാദത്തിനു പിന്നിലുള്ളത്. ഇതിന്റെ ഉദാഹരണമാണ് ഈ വിഷയത്തില്‍ വിവിധ സര്‍ക്കാരുകളും കോടതികളും 2009 ന് ശേഷം നടത്തിയ നിരീക്ഷണങ്ങളും റിപോര്‍ട്ടുകളും.

Next Story

RELATED STORIES

Share it