Sub Lead

മഅ്ദനി കേരളത്തിലേക്ക് തിരിച്ചു; രാത്രി ഏഴോടെ നെടുമ്പാശ്ശേരിയിലെത്തും

മഅ്ദനി കേരളത്തിലേക്ക് തിരിച്ചു; രാത്രി ഏഴോടെ നെടുമ്പാശ്ശേരിയിലെത്തും
X

ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചതോടെ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. വൈകീട്ട് 6.20നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന മഅ്ദനിയും സംഘവും ഏഴോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. ജൂലൈ ഏഴുവരെ മഅദനി കേരളത്തില്‍ തുടരും. 12 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മഅദനിക്കൊപ്പം അയക്കുക. ഇതിനായി 6.76 ലക്ഷം രൂപയാണ് കെട്ടിവച്ചത്. വിമാനമാര്‍ഗം ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ മഅദനിയെ അനുഗമിക്കും. മറ്റ് പോലിസ് ഉദ്യോഗസ്ഥര്‍ റോഡ് മാര്‍ഡഗമാണ് കേരളത്തിലേക്ക് വരുന്നത്. ഭാര്യ സൂഫിയ മഅദ്‌നി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, പിഡിപി നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാനവാസ്, അഷ്‌റഫ് കാക്കനാട്, ഹസന്‍, മുബഷിര്‍ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ശരിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ സ്‌ട്രോക്ക് വന്ന് വീണുപോവാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും യാത്രയ്ക്കു മുമ്പ് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. ക്രിയാറ്റിന്‍ ലെവല്‍ ഒമ്പതായി. ഡയാലിസിസിലേക്ക് എത്തുന്ന അവസ്ഥയിലാണുള്ളത്. തലച്ചോറിലെ രക്തപ്രവാഹം നില്‍ക്കുന്നതുകൊണ്ട് ഇടയ്ക്കിടക്ക് സ്‌ട്രോക്ക് ഉണ്ടാവുന്നുണ്ട്. നാട്ടില്‍ പോയി രണ്ടരമാസം കൊണ്ട് നല്ല ചികില്‍സ ചെയ്യാമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ടിട്ട് വരാം. ബാക്കി കാര്യങ്ങള്‍ സര്‍വശക്തനായ ദൈവത്തിന് സമര്‍പ്പിക്കുന്നു. ബാപ്പക്ക് ഓര്‍മ്മയൊക്കെ നഷ്ടമായിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും അദ്ദേഹത്തോടൊപ്പം കുറച്ച് നാള്‍ കഴിയണം. പിന്നെ ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കണം. ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം കാലം വിചാരണത്തടവുകാരനായി ഇരിക്കേണ്ടി വന്നവനാണ് ഞാന്‍. ഞാനത് അഭിമുഖീകരിക്കാന്‍ മാനസികമായി തയ്യാറെടുത്ത വ്യക്തിയാണ്. അടുത്ത കാലത്തൊന്നും തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഇങ്ങോട്ട് വരുമ്പോള്‍ എനിക്ക് അറിയാമായിരുന്നു. ആസൂത്രിതമായിട്ടെന്നെ കുടുക്കിയതായിരുന്നു. എന്റെ പോലെ ഒരു മറ്റൊരു വിചാരണത്തടവുകാര്‍ക്കും ഉണ്ടാവാതിരിക്കട്ടെയെന്നും മഅ്ദനി പറഞ്ഞു. നെടുമ്പാശ്ശേരിയില്‍നിന്ന് ആംബുലന്‍സ് മാര്‍ഗം രാത്രിയോടെ ശാസ്താംകോട്ടയിലെ കുടുംബവീട്ടില്‍ എത്തി പിതാവിനെ സന്ദര്‍ശിക്കും. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഅ്ദനി പിതാവിനെ സന്ദര്‍ശിക്കുന്നത്. 2017ല്‍ മൂത്ത മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തിനാണ് മഅ്ദനി അവസാനമായി കേരളത്തിലെത്തിയത്.

നേരത്തെ മഅദനിക്ക് കേരളത്തില്‍ പോകാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും സുരക്ഷാ ചെലവുകള്‍ക്കായി 62 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് യാത്ര മഅ്ദനി മുന്‍കൈയെടുത്ത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തുകയില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് യാത്രയ്ക്ക് വഴിയൊരുങ്ങിയത്. കര്‍ണാടക സര്‍ക്കാറില്‍നിന്ന് പ്രതികൂലമായി ഒന്നുമുണ്ടായിട്ടില്ലെന്ന് മഅ്ദനി പറഞ്ഞു.

Next Story

RELATED STORIES

Share it