Sub Lead

മധു വധക്കേസ്:കൂറുമാറിയ സാക്ഷി വീണ്ടും മൊഴി തിരുത്തി;നിലപാട് മാറ്റിയത് കാഴ്ച പരിശോധനാ ഫലം ഹാജരാക്കിയതോടെ

കാഴ്ചക്കുറവുണ്ടെന്ന് കള്ളം പറഞ്ഞതിന് സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി

മധു വധക്കേസ്:കൂറുമാറിയ സാക്ഷി വീണ്ടും മൊഴി തിരുത്തി;നിലപാട് മാറ്റിയത് കാഴ്ച പരിശോധനാ ഫലം ഹാജരാക്കിയതോടെ
X
പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ കൂറുമാറിയ സാക്ഷി വീണ്ടും മൊഴി തിരുത്തി.കേസിലെ 29ാം സാക്ഷിയായ സുനില്‍കുമാറാണ് കോടതിയില്‍ നല്‍കിയ മൊഴി ഇന്ന് തിരുത്തിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഹാജരായപ്പോഴായിരുന്നു സുനില്‍കുമാര്‍ ഇന്നലെ പറഞ്ഞത് തിരുത്തിപ്പറഞ്ഞത്.

മധുവിനെ മര്‍ദിക്കുന്നത് കണ്ടിരുന്നു എന്നായിരുന്നു ഇയാള്‍ ആദ്യം പോലിസിന് മൊഴി നല്‍കിയിരുന്നത്.എന്നാല്‍ കോടതിയില്‍ ഇന്നലെ ഇത് മാറ്റി പറയുകയായിരുന്നു.തുടര്‍ന്ന് മധുവിനെ മര്‍ദിക്കുന്നത് സുനില്‍കുമാര്‍ നോക്കിനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് സുനില്‍കുമാര്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.

ഇതോടെ, സുനില്‍കുമാറിന്റെ കാഴ്ച പരിശോധിച്ച് റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.ഇതു പ്രകാരം കാഴ്ച പരിശോധനാഫലം ഉള്‍പ്പെടുന്ന വിശദമായ മെഡിക്കല്‍ റിപോര്‍ട്ട് പോലിസ് ഇന്ന് കോടതിയില്‍ ഹാജരാക്കി.കളവ് പൊളിഞ്ഞതോടെ മര്‍ദനമേറ്റ് മധു മുക്കാലിയില്‍ ഇരിക്കുന്നത് കണ്ടെന്ന പഴയ മൊഴിയിലേക്ക് സുനില്‍കുമാര്‍ വീണ്ടും എത്തുകയായിരുന്നു. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളില്‍ ഉള്ളത് താന്‍ ആണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളാണ് മുഖവിലയ്‌ക്കെടുക്കുക എന്ന് പ്രോസിക്യൂഷന്‍ പറയുന്നു. കൂറുമാറിയ പട്ടികയില്‍ തന്നെയായിരിക്കും സുനില്‍കുമാറിനെ ഉള്‍പ്പെടുത്തുക.സുനില്‍കുമാറിന്റെ സാക്ഷി വിസ്താരം മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതിയില്‍ പൂര്‍ത്തിയായി. അതേസമയം, കാഴ്ചക്കുറവുണ്ടെന്ന് കള്ളം പറഞ്ഞതിന് സുനില്‍കുമാറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി.




Next Story

RELATED STORIES

Share it