Sub Lead

'ഗോഡ്‌സെ അനുയായി'യെ പാര്‍ട്ടിയിലെടുത്തതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

ഗോഡ്‌സെ അനുയായിയെ പാര്‍ട്ടിയിലെടുത്തതിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
X

ഭോപ്പാല്‍: 'ഗോഡ്‌സെ അനുയായി'യെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് മനക് അഗര്‍വാളിനെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. മുന്‍ ആഭ്യന്തരമന്ത്രി ഭാരത് സിങിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് പാര്‍ട്ടിയുടെ ഹോഷംഗാബാദ് യൂനിറ്റില്‍ നിന്ന് റിപോര്‍ട്ട് സ്വീകരിച്ച ശേഷം തീരുമാനമെടുത്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം നടത്തിയ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അച്ചടക്കലംഘനമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അഗര്‍വാള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിക്കുന്നതിനാല്‍ ഇത് ശരിയായ തീരുമാനമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലുജ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, രാഹുല്‍ ഗാന്ധി, കമല്‍നാഥ്, ദിഗ്‌വിജയ സിങ് തുടങ്ങിയ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചതിനാണ് അച്ചടക്ക സമിതി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കി. ഗ്വാളിയര്‍ കൗണ്‍സിലറായ ബാബുലാല്‍ ചൗരസിയയെ വിമര്‍ശിച്ചതിനാണ് വില നല്‍കിയതെന്ന ബിജെപി വാദം ശരിയല്ലെന്നും സാലൂജ പറഞ്ഞു.

മുന്‍ കോണ്‍ഗ്രസുകാരനായ ചൗരാസിയ ഹിന്ദു മഹാസഭയില്‍ ചേരുകയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 25ന് കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാസഭാ ഓഫിസില്‍ സ്ഥാപിക്കുന്നതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. എന്നാല്‍, അദ്ദേഹം ഇക്കാര്യം നിഷേധിച്ചിരുന്നു. ഇത്തരമൊരാളെ കോണ്‍ഗ്രസില്‍ എടുക്കുന്നതിനെ എതിര്‍ത്ത അഗര്‍വാള്‍, ഗാന്ധിജിയുടെയോ ഗോഡ്‌സെയുടെയോ പ്രത്യയശാസ്ത്രത്തിനൊപ്പമാണോ എന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കണമെന്ന് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, അഗര്‍വാളിനെ പുറത്താക്കിയതിനെതിരെ സംസ്ഥാന ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോട്ടം മിശ്ര വിമര്‍ശിച്ചു. 'ഗോഡ്‌സെ കോണ്‍ഗ്രസില്‍ ഒരു വലിയ കാര്യമായി മാറിയെന്ന് തോന്നുന്നു. മനകിനെ അമാനക്(നിലവാരമില്ലാത്ത) ആക്കി. പാര്‍ട്ടിയിലെ ശക്തര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് മേധാവി അരുണ്‍ യാദവ് ഈ വിഷയം ഉന്നയിച്ചിരുന്നു. പക്ഷേ അദ്ദേഹത്തെ നടപടിയില്‍ നിന്ന് ഒഴിവാക്കിയെന്നും മിശ്ര പറഞ്ഞു.

Madhya Pradesh Congress Leader Expelled From Party For 6 Years Over "Indiscipline"

Next Story

RELATED STORIES

Share it