Big stories

മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയം തീയിട്ടുനശിപ്പിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയം തീയിട്ടുനശിപ്പിച്ച മൂന്നംഗ സംഘം അറസ്റ്റില്‍
X

ഭോപാല്‍: മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രൈസ്തവ ആരാധനാലയം തീയിട്ടു നശിപ്പിച്ച മൂന്നുപേര്‍ അറസ്റ്റിലായി. ഗോത്ര വിഭാഗക്കാര്‍ കൂടുതലായുള്ള സുഖ്താവ ജില്ലയിലെ ചൗകിപുര പ്രദേശത്തുള്ള ആരാധനാലയം ഞായറാഴ്ചയാണ് അഗ്‌നിക്കിരയാക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ അവിനാഷ് പാണ്ഡെ, ആകാശ് തിവാരി, ശിവ റായ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന്റെ സൂത്രധാരന്‍ ഝാന്‍സി സ്വദേശിയായ ആകാശ് തിവാരിയാണെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആക്രമണം നടത്താന്‍ ആകാശ്, അവിനാഷിന് പണം നല്‍കിയതായി പോലിസ് കണ്ടെത്തി. അവിനാഷിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ആളുകളെത്തിയപ്പോഴാണ് സംഭവം പുറത്തായത്. ആരാധനാലയത്തിന്റെ ജനലില്‍ ഘടിപ്പിച്ചിരുന്ന വല നീക്കിയാണ് ആക്രമികള്‍ അകത്ത് പ്രവേശിച്ചത്. മതഗ്രന്ഥങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ച സംഘം ആരാധനാലയത്തിന്റെ ഭിത്തിയില്‍ റാം എന്ന് ഹിന്ദിയില്‍ എഴുതി വച്ചതിന് ശേഷമാണ് മടങ്ങിയത്.

ആരാധനാലയത്തിനുള്ളിലെ വസ്തുക്കളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. തീ പടര്‍ന്നുണ്ടായ പുകയെ തുടര്‍ന്ന് ചുമരുകള്‍ കരിപിടിച്ച നിലയിലായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ആരാധനാലയം നിര്‍മിച്ചത്. അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലുഥറന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് ആരാധനാലയം പ്രവര്‍ത്തിക്കുന്നത്. മതവിഭാഗത്തെ മനപ്പൂര്‍വം അവഹേളിക്കുന്നത് ആരാധനാലയത്തിന് കേടുപാടുകള്‍ വരുത്തിയതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമം 295ാം വകുപ്പനുസരിച്ചാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നര്‍മദാപുരം ജില്ലാ ആസ്ഥാനത്തും ഭോപാലിലും കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പ്രതികള്‍ക്ക് പദ്ധതിയുണ്ടെന്ന് നര്‍മദാപുരം എസ്പി ഗുരുകരണ്‍ സിങ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കസ്റ്റഡിയിലെടുത്ത തിവാരിയെ നര്‍മദാപുരത്തേക്ക് കൊണ്ടുവരികയാണെന്നും ശിവറായിയെയും പാണ്ഡെയേയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it