Sub Lead

കാവല്‍ക്കാരനെതിരേ തൊഴിലില്ലാ പട; മേംഭീബെറോസ്ഗാര്‍ ട്വിറ്ററില്‍ ട്രെന്‍ഡ്

എല്ലാ പ്രധാനമന്ത്രിമാരും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമ്പോള്‍ നരേന്ദ്ര മോദി അറിയപ്പെടുക ഉള്ള ജോലിയും നഷ്ടപ്പടുത്തിയതിന്റെ പേരില്‍ ആയിരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ ഹാഷ്ടാഗ് ട്വിറ്റര്‍ യൂസര്‍മാര്‍ ഏറ്റെടുത്തത്.

കാവല്‍ക്കാരനെതിരേ തൊഴിലില്ലാ പട; മേംഭീബെറോസ്ഗാര്‍ ട്വിറ്ററില്‍ ട്രെന്‍ഡ്
X

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ശനിയാഴ്ച്ച ഏറ്റവും കൂടുതല്‍ ട്രെന്‍ഡായ ഹാഷ്ടാഗ് മേംഭീബെറോസ്ഗാര്‍(ഞാനും തൊഴിലില്ലാത്തവന്‍). എല്ലാ പ്രധാനമന്ത്രിമാരും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമ്പോള്‍ നരേന്ദ്ര മോദി അറിയപ്പെടുക ഉള്ള ജോലിയും നഷ്ടപ്പടുത്തിയതിന്റെ പേരില്‍ ആയിരിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ ഹാഷ്ടാഗ് ട്വിറ്റര്‍ യൂസര്‍മാര്‍ ഏറ്റെടുത്തത്.

മേംഭീചൗക്കീദാര്‍(ഞാനും കാവല്‍ക്കാരനാണ്) എന്ന ബിജെപി പ്രചാരണത്തിനെതിരായാണ് രാജ്യത്തെ ലക്ഷക്കണക്കിനു തൊഴിലില്ലാത്ത യുവാക്കള്‍ കാംപയ്‌നുമായി രംഗത്തിറങ്ങിയത്. രാജ്യത്ത് തൊഴില്‍ പ്രതിസന്ധി ഇല്ലെന്നാണ് പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും അവകാശപ്പെടുന്നത്. ജോലി ഉണ്ടെന്നും എന്നാല്‍, അതേക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇല്ലാത്തതെന്നുമായിരുന്നു മോദിയുടെ അവകാശവാദം.

എന്നാല്‍, തൊഴിലില്ലായ്മ രൂക്ഷമായതിനാല്‍ അതു സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് സര്‍ക്കാര്‍ തന്നെയാണെന്ന വാസ്തവം ട്വിറ്റര്‍ യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ തൊഴില്‍ സാഹചര്യം സംബന്ധിച്ച എന്‍എസ്എസ്ഒ സര്‍വേ പുറത്തുവിടുന്നത് തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍, ഈ റിപോര്‍ട്ട് പിന്നീട് ചോര്‍ന്നു. ചോര്‍ന്നു കിട്ടിയ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ റിപോര്‍ട്ട്.

എന്‍എസ്എസ്ഒ റിപോര്‍ട്ട് പ്രകാരം മോദി ഭരണകാലത്ത് 4.7 കോടി തൊഴിലുകള്‍ നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ മോദി ഉത്തരം പറയേണ്ടതുണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം പറഞ്ഞു. ഗ്രാമീണ മേഖലകളിലെ സാധാരണ തൊഴിലാളികള്‍ക്കും ഗ്രാമ, നഗര മേഖലകളിലെ വനിതകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ നഷ്ടപ്പെട്ടത്. ഇന്ത്യന്‍ തൊഴില്‍മേഖലയിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളാണ് ഇത് രണ്ടും.

എന്‍എസ്എസ്ഒ ഡാറ്റ പ്രകാരം 2011-12നും 2017-18നും ഇടയില്‍ ഗ്രാമീണ മേഖലയില്‍ മൂന്ന് കോടി കാര്‍ഷിക തൊഴില്‍ നഷ്ടമുണ്ടായി. കാര്‍ഷികേതര മേഖല ഉള്‍പ്പെടെ ഇത് 3.2 കോടി വരും.

മേംഭീബെറോസ്ഗാര്‍ എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട ചില ട്വീറ്റുകള്‍

1. നരേന്ദ്ര മോദി ചായക്കാരന്‍ മുതല്‍ കാവല്‍ക്കാരന്‍വരെയുള്ള ജോലികള്‍ സ്വയം ഏറ്റെടുക്കുമ്പോള്‍ 36 ലക്ഷം ബിരുദധാരികള്‍ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുകയാണ്.

2.വ്യവസായിക വളര്‍ച്ച ഏറ്റവും താഴ്ന്ന് 1.7 ശതമാനത്തിലെത്തി. വീടുകളിലെ കരുതല്‍ ധനം 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

3. കാര്‍ഷിക, ജോലി പ്രതിസന്ധിയുണ്ടെന്ന കാര്യം അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിഷേധം കൊണ്ട് പ്രശ്‌നം പരിഹരിക്കാനാവില്ല.

4. 3700 പിഎച്ച്ഡിക്കാര്‍ പ്യൂണ്‍ ജോലിക്ക് വേണ്ടി അപേക്ഷിച്ച ലോകത്തെ ഏക രാജ്യമായിരിക്കും ഇന്ത്യ. 14 തൂപ്പുകാരുടെ ജോലിക്ക് വേണ്ടി അപേക്ഷിച്ചത് 4000 എംബിഎക്കാരും എന്‍ജിനീയര്‍മാരും. 82 ലക്ഷം ബിരുദാനന്തര ബിരുദ ധാരികളും എന്‍ജിനീയര്‍മാരും ഹെല്‍പര്‍ ജോലിക്കു വേണ്ടി അപേക്ഷിച്ചു. അഞ്ച് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി മോദി ഇന്ത്യന്‍ യുവതയുടെ ഭാവി തുലച്ചു.

5. സ്വന്തം നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ പോലും നിയമനം നടത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. തൊഴിലും അന്നവും നല്‍കാന്‍ കഴിയാത്ത ദേശീയതാ വാദം വെറും പൊള്ളയാണ്.

Next Story

RELATED STORIES

Share it