Sub Lead

മലേഗാവ് സ്‌ഫോടനം: അന്വേഷണം അട്ടിമറിക്കുന്നതാര് ?

റമദാന്‍ അവസാനത്തില്‍ പെരുന്നാള്‍ ആഘോഷത്തിനായി ജനങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് 2008 സെപ്റ്റംബര്‍ 29 ന് മാലേഗാവിലെ ഭിക്കു ചൗക്കില്‍ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടക്കുന്നത്. ആറ് പേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കിനും ഇടയാക്കിയ മലേഗാവ് സ്‌ഫോടനം നടന്നിട്ട് 13 വര്‍ഷം തികഞ്ഞിരിക്കുന്നു.

മലേഗാവ് സ്‌ഫോടനം: അന്വേഷണം അട്ടിമറിക്കുന്നതാര് ?
X

-ഒഎംഎ സലാം

ഇന്ത്യയില്‍ എവിടെയും സ്‌ഫോടനങ്ങള്‍ നടത്തി അതിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെയും മുസ്‌ലിം സംഘടനകളുടെയും ചുമലില്‍ കെട്ടിവെക്കുക എന്നത് ഹിന്ദുത്വ ഭീകരരുടെ പതിവ് രീതിയാണ്. മാധ്യമ-ഉദ്യോഗസ്ഥ-പോലീസ് വൃന്ദങ്ങളില്‍ നിന്ന് മതിയായ സംരക്ഷണവും നേരിട്ട് സഹായവും എക്കാലത്തും ഹിന്ദുത്വ ഭീകരര്‍ക്കുണ്ട്.


മുസ്‌ലിംകള്‍ക്കെതിരായ പൊതുബോധ നിര്‍മ്മിതിയില്‍ കഠിന ശ്രമങ്ങളാണ് മാധ്യമങ്ങള്‍ നടത്തിവരുന്നത്. ഹിന്ദുത്വ ആശയധാര പിന്തുടരുന്ന മാധ്യമങ്ങള്‍ക്കൊപ്പം നിഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞവരും ഈ നിര്‍മ്മിതിയില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈയൊരു ശീലത്തിന് മാറ്റം വന്നത് 2008ലെ മലേഗാവ് സ്‌ഫോടനത്തിന് ഉത്തരവാദികള്‍ ഹിന്ദുത്വരാണെന്ന് ഹേമന്ത് കര്‍ക്കരെ എന്ന ധീരനായ അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയതോടെയാണ്.

മുസ്‌ലിംകളുടെ പുണ്യമാസമായ റമദാന്‍ അവസാനത്തില്‍ പെരുന്നാള്‍ ആഘോഷത്തിനായി ജനങ്ങള്‍ ഒരുങ്ങുന്നതിനിടെയാണ് 2008 സെപ്റ്റംബര്‍ 29 ന് മാലേഗാവിലെ ഭിക്കു ചൗക്കില്‍ മുസ്‌ലിം പള്ളിയില്‍ സ്‌ഫോടനം നടക്കുന്നത്. ആറ് പേരുടെ മരണത്തിനും നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കിനും ഇടയാക്കിയ മലേഗാവ് സ്‌ഫോടനം നടന്നിട്ട് 13 വര്‍ഷം തികഞ്ഞിരിക്കുന്നു.

കേസന്വേഷണം ഏറ്റെടുത്ത ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) ഒരു മാസത്തിനകം തന്നെ സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകരരായ പ്രജ്ഞാസിങ്ങ് ഠാക്കൂറും ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതും ഉള്‍പ്പടെയുള്ളവരാണെന്ന് കണ്ടെത്തി.


ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ലഫ്. കേണല്‍ പ്രസാദ് പുരോഹിത് രൂപംനല്‍കിയ തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ് സ്‌ഫോടനത്തിനു പിന്നിലെന്നും എ.ടി.എസ് കണ്ടെത്തി. എന്നാല്‍ സ്‌ഫോടനത്തിന് ഉത്തരവാദികളിലൊരാളെന്ന് അന്വേഷണം സംഘം കണ്ടെത്തിയ പ്രജ്ഞാസിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് എംപിയാക്കുയയാണ് ബിജെപി ചെയ്തത്. അവരിപ്പോള്‍ ഭോപ്പാലില്‍ നിന്നുള്ള ബിജെപി എം.പിയാണ്. ഇന്ത്യ ഭരിക്കുന്നവരും ഭീകരരും തമ്മിലുള്ള മറയില്ലാത്ത ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

സ്‌ഫോടനം നടന്നിട്ട് 13 വര്‍ഷം കഴിഞ്ഞെങ്കിലും ഒച്ചിഴയും വേഗത്തിലാണ് വിചാരണ നടക്കുന്നത്. ഇതുവരെ വിചാരണ പൂര്‍ത്തിയായിട്ടില്ല. സ്‌ഫോടനത്തിന്റെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് എടിഎസ് കണ്ടെത്തിയ തെളിവുകളും രേഖകളും കാണാനില്ലെന്നാണ് എന്‍ഐഎ ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ നടുക്കിയ പ്രമാദമായ കേസിന്റെ പ്രധാനപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടുവെന്ന് വളരെ നിസാരമായി പറയുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന അന്വേഷണ സംവിധാനങ്ങളുടെ അവസ്ഥയാണിത്.

ബിജെപി ഭരിക്കുമ്പോള്‍ അവരുടെ ആളുകള്‍ പ്രതികളായ കേസുകളില്‍ വിചാരണ വേഗത്തില്‍ നടക്കില്ല എന്നും കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടാക്കും എന്നും സംഘപരിവാറിനെ കുറിച്ച് പ്രാഥമിക ധാരണയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ടത് നമ്മള്‍ കണ്ടതാണല്ലോ. രാജ്യത്ത് സ്‌ഫോടനം നടത്തിയ വ്യക്തിയെ പാര്‍ലമെന്റംഗമാക്കിയ പാര്‍ട്ടിയാണ് ബിജെപി എന്ന് ഓര്‍മ്മ വേണം. ഹിന്ദുത്വ ഭീകരര്‍ നീതിന്യായ വ്യവസ്ഥയുടെ എല്ലാ അതിരുകളും ലംഘിച്ചു അഴിഞ്ഞാടുകയാണ്.

2007ലെ മക്ക മസ്ജിദ് സ്‌ഫോടനം, 2006ലെ സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സ്‌ഫോടനം, 2008 മലേഗാവ് സ്‌ഫോടനം തുടങ്ങിയവക്കു പിന്നില്‍ ഹിന്ദുത്വ സംഘടനകളാണെന്ന് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ തന്നെ വെളിപ്പെടുത്തിയതാണ്. അതോടെയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ ഹിന്ദുത്വ ഭീകരരുടെ പങ്ക് ചെറിയ രീതിയിലെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തയായി തുടങ്ങിയത്.

മലേഗാവ് സ്‌ഫോടനക്കേസില്‍ കേണല്‍ ശ്രീകാന്ത് പുരോഹിത്, സന്യാസിമാരായ ദയാനന്ദ പാണ്ഡെ, പ്രജ്ഞാ സിങ് ഠാക്കൂര്‍, റിട്ട. മേജര്‍ ഉപാധ്യായ് തുടങ്ങിയവരെ ഹേമന്ദ് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് അറസ്റ്റ് ചെയ്തതോടെയാണ് ബോംബ് സ്‌ഫോടനത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തായത്.

സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് പുരോഹിത് മുസ്‌ലിം കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനായി സര്‍ക്കാറിന്റെ പണം തന്നെ വിനിയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയാണ് ഹിന്ദുത്വ ഭീകര സംഘങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ആദ്യം പുറത്തുവിടുന്നത്. അതിന്റെ അന്വേഷണത്തിനിടയിലാണ് മുംബൈ ഭീകരാക്രമണം ഉണ്ടായതും ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെടുന്നതും.

വിവിധ പ്രദേശങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വഭീകരര്‍ക്ക് പങ്കുണ്ട് എന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടത്. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രതികള്‍ മോചിപ്പിക്കപ്പെടുകയായിരുന്നു. സംഘപരിവാര സംഘങ്ങള്‍ പ്രതികളായ കേസുകള്‍ അട്ടിമറിക്കുകയാണ് എന്ന് അന്വേഷണം നടത്തിയ എന്‍ഐഎക്കെതിരെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ ആരോപിക്കുകയുണ്ടായി. രാജ്യത്ത് ഹിന്ദുത്വ ഭീകരസംഘങ്ങള്‍ ഉണ്ടെന്ന് ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തന്നെ തുറന്നു പറയുകയും ചെയ്തു.

ഗാന്ധിജിയെ വെടിവച്ചുകൊന്നത് ഉള്‍പ്പടെ കലാപങ്ങളും വംശഹത്യകളും സ്‌ഫോടനങ്ങളും രക്തക്കൊതി തീരാത്ത ഹിന്ദുത്വ ഭീകരതയുടെ അടയാളങ്ങളായി നിലനില്‍ക്കുമ്പോഴും ഭരണകൂടം മൗനം പാലിക്കുകയാണ്. ഹിന്ദുത്വ ഭീകരത, ഭരണകൂട ഒത്താശയില്‍ എല്ലാ അതിരുകളും ഭേദിച്ച് അതിക്രമവും ഭീകരപ്രവര്‍ത്തനവും നടത്തുമ്പോള്‍ അതിനെതിരെ നാം ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

Next Story

RELATED STORIES

Share it