Sub Lead

കണ്ണൂര്‍ കോണ്‍ഗ്രസില്‍ 'വെട്ടിനിരത്തല്‍'; മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി

കണ്ണൂര്‍ കോണ്‍ഗ്രസില്‍ വെട്ടിനിരത്തല്‍; മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കി
X

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിനെ ചൊല്ലി കണ്ണൂര്‍ കോണ്‍ഗ്രസില്‍ 'വെട്ടിനിരത്തല്‍'. ആശുപത്രി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മല്‍സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതെന്നും രാധാകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ ദിവാകരന്‍ അനുകൂലികളും മമ്പറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ കെ പ്രസാദിനെയും തല്‍സ്ഥാനത്തു നിന്ന് നീക്കി. ഇദ്ദേഹത്തിനു പകരം പൊന്നമ്പേത്ത് ചന്ദ്രന് ചുമതല നല്‍കിയതായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു. ഇതിനു പുറമെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ നാമനിര്‍ദേശ പത്രിക നല്‍കിയ ഇ ജി ശാന്തയെയും പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസല്‍ അറിയിച്ചു.

നേരത്തെയും കെ സുധാകരനുമായി എല്ലാകാലത്തും ഇടഞ്ഞുനില്‍ക്കുന്ന നേതാവാണ് മമ്പറം ദിവാകരന്‍. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ ചേരിതിരിവ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സൂചനയാണിത്. കെപിസിസി പ്രസിഡന്റ് ആയതിനു ശേഷവും കെ സുധാകരനെതിരേ മമ്പറം ദിവാകരന്‍ രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പ് മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ മമ്പറം ദിവാകരനെതിരായ നടപടി വരുംദിവസങ്ങളിലും കോണ്‍ഗ്രസില്‍ പോരിനു കാരണമാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Mambaram Divakaran and others expelled; dilemma in Kannur Congress


Next Story

RELATED STORIES

Share it