Sub Lead

ആംബുലന്‍സ് വിളിച്ചിട്ടും വന്നില്ല; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് ഭര്‍ത്താവ് (വീഡിയോ)

ആംബുലന്‍സ് വിളിച്ചിട്ടും വന്നില്ല; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് ഭര്‍ത്താവ് (വീഡിയോ)
X

ഭോപാല്‍: ആംബുലന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഉന്തുവണ്ടിയില്‍ ഭര്‍ത്താവിന് ആശുപത്രിയിലെത്തിക്കേണ്ടിവന്നു. മധ്യപ്രദേശ് ദാമോഹ് ജില്ലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള റാണെ ഗ്രാമത്തില്‍ താമസിക്കുന്ന കൈലാഷ് അഹിര്‍വാറിനാണ് ഇത്തരമൊരു ദുരവസ്ഥയുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. ഭാര്യയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൈലാഷ് 108 ആംബുലന്‍സില്‍ വിളിച്ചു.

എന്നാല്‍, രണ്ടുമണിക്കൂറോളം കാത്തുനിന്നെങ്കിലും ആംബുലന്‍സെത്തിയില്ല. ഭാര്യയുടെ അവസ്ഥ മോശമായിത്തുടങ്ങിയതോടെ കൈലാഷ് ഭാര്യയെ ഉന്തുവണ്ടിയില്‍ ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തിലൂടെ കൈലാഷ് ഭാര്യയെ ഉന്തുവണ്ടിയില്‍ കിടത്തിക്കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

അതേസമയം, ഭാര്യയുമായി ആരോഗ്യകേന്ദ്രത്തിലെത്തിയപ്പോഴാവട്ടെ അവിടെ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്ന് കൈലാഷ് പറയുന്നു. തുടര്‍ന്ന് ഭാര്യയെ സര്‍ക്കാര്‍ ആംബുലന്‍സില്‍ ഹാത്തയിലേക്ക് മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ ജില്ലാ ഭരണകൂടം നടപടിയെടുക്കുകയും യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായി ദാമോ ജില്ലാ ആരോഗ്യകേന്ദ്രത്തില്‍ നിയോഗിച്ച മുതിര്‍ന്ന മെഡിക്കല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണം നടത്തിയ ശേഷം നടപടിയെടുക്കും- പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ഭിന്ദ് ജില്ലയിലും സമാനമായ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ മുതിര്‍ന്ന പൗരനെ ഉന്തുവണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിഷയം റിപോര്‍ട്ട് ചെയ്തതിന് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ജില്ലാ ഭരണകൂടം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it