Sub Lead

ക്രിക്കറ്റ് മല്‍സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്; യുവാവിനെ തല്ലിക്കൊന്നു; 19 പേര്‍ അറസ്റ്റില്‍

ക്രിക്കറ്റ് മല്‍സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന്; യുവാവിനെ തല്ലിക്കൊന്നു; 19 പേര്‍ അറസ്റ്റില്‍
X

മംഗളൂരു: ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ 19 പേരെ പോലിസ് അറസ്റ്റ് ചെയ്തു. സച്ചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ്കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ തുടങ്ങിയവരാണ് അറസ്റ്റിലായവര്‍.

ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്നാണ് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പത്തിലേറെ പേരേ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പത്ത് ടീമുകളാണ് പങ്കെടുത്തിരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. സച്ചിന്‍ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് കൂട്ടമായ ആക്രമണത്തില്‍ കലാശിച്ചു. ചിലര്‍ അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിരന്തരം ചവിട്ടിയും വടികൊണ്ടടിച്ചും പ്രതികള്‍ യുവാവിനെ ആക്രമിച്ചു. പിന്നീട് വൈകീട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ കണ്ടത്.

യുവാവിന് നിരന്തരം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റതായും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.


Next Story

RELATED STORIES

Share it