Sub Lead

കെ എം ഷാജി പത്ത് ലക്ഷം രൂപ പിഴ അടക്കണമെന്ന് മേയര്‍

പ്ലാനും എസ്റ്റിമേറ്റും നല്‍കിയിട്ടില്ല. ഇത് സമര്‍പ്പിച്ച് പിഴയടച്ചാല്‍ നിയമപരമാക്കുമെന്ന് മേയര്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി.

കെ എം ഷാജി പത്ത് ലക്ഷം രൂപ പിഴ അടക്കണമെന്ന് മേയര്‍
X

കോഴിക്കോട്: കെ എം ഷാജി എംഎല്‍എ വീടിന് നികുതി അടച്ചില്ലെന്നും 10 ലക്ഷം വരെ പിഴയടയ്‌ക്കേണ്ടി വരുമെന്നും കോഴിക്കോട് നഗരസഭാ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. പ്ലാനും എസ്റ്റിമേറ്റും നല്‍കിയിട്ടില്ല. ഇത് സമര്‍പ്പിച്ച് പിഴയടച്ചാല്‍ നിയമപരമാക്കുമെന്ന് മേയര്‍ പറഞ്ഞു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി.

വിശദീകരണം നല്‍കാന്‍ നഗരസഭ കെ എം ഷാജിക്ക് 14 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും. ഇന്നലെ എംഎല്‍എയുടെ മാലൂര്‍കുന്നിലെ വീട്ടില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും എംഎല്‍എയുടെ വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. 3000ല്‍ താഴെ ചതുരശ്ര അടിയുള്ള വീടിനാണ് പെര്‍മിറ്റ് എടുത്തത്. എന്നാല്‍ വീട് 5000 ചതുരശ്ര അടിക്കു മുകളിലാണ്. മാത്രമല്ല, പെര്‍മിറ്റിന്റെ കാലാവധി 2016ല്‍ കഴിഞ്ഞെങ്കിലും വീടു പണിതീര്‍ത്തശേഷം കെട്ടിട നമ്പര്‍ വാങ്ങുകയോ പെര്‍മിറ്റ് പുതുക്കുകയോ ചെയ്തിട്ടില്ല.

അതേസമയം, കെട്ടിട നിര്‍മാണ ചട്ടലംഘനം നടത്തിയെന്ന് പറഞ്ഞ് തന്റെ വീട് പൊളിക്കാന്‍ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയെന്നത് തമാശ മാത്രമാണെന്നും താന്‍ ഒരു നോട്ടിസും കൈപ്പറ്റിയിട്ടില്ലെന്നും കെ എം ഷാജി പറഞ്ഞു. ഒരു തവണ പെര്‍മിറ്റെടുത്താല്‍ ഒമ്പത് വര്‍ഷത്തേക്കാണ് കാലാവധി. വീട് എടുക്കുന്ന സമയത്ത് അവിടം ബഫര്‍സോണില്‍ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയില്‍ പണിയേണ്ടി വന്നതെന്നും കെ എം ഷാജി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വീടിന്റെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടില്ല. ഇപ്പോഴും കോര്‍പറേഷന്റെ കയ്യില്‍ തന്നെയാണ് വീട്. നിയമപരമായ പേപ്പറുകള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂവെന്നും കെ എം ഷാജി പറഞ്ഞു. നിയമവിരുദ്ധമായ ഒരു നിര്‍മാണവും അവിടെ നടന്നിട്ടില്ല. കെട്ടിട നിര്‍മാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടില്ലെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി.

എംഎല്‍എയുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി വീടിന്റെ വിശദവിവരങ്ങള്‍ തേടി ഇഡി കോര്‍പറേഷന്‍ സെക്രട്ടറിക്കു നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരെത്തി വീട് അളന്നത്. 2014ല്‍ കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് കെ എം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന പരാതിയില്‍ ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ തേടിയത്.

Next Story

RELATED STORIES

Share it