Sub Lead

മെഹബുബ മുഫ്തി വീണ്ടും തടങ്കലില്‍; രണ്ട് ദിവസം പിന്നിട്ടെന്ന് ട്വീറ്റ്

നിയമവിരുദ്ധമായി വീണ്ടും തടങ്കലില്‍ വച്ചിരിക്കുകയാണെന്നും മകള്‍ ഇല്‍തിജയെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

മെഹബുബ മുഫ്തി വീണ്ടും തടങ്കലില്‍; രണ്ട് ദിവസം പിന്നിട്ടെന്ന് ട്വീറ്റ്
X

ശ്രീനഗര്‍: തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് പിഡിപി അധ്യക്ഷയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. നിയമവിരുദ്ധമായി വീണ്ടും തടങ്കലില്‍ വച്ചിരിക്കുകയാണെന്നും മകള്‍ ഇല്‍തിജയെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ നവീദ് ബാബു ഉള്‍പ്പെട്ട 'തീവ്രവാദ' കേസില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബുധനാഴ്ച അറസ്റ്റ് ചെയ്ത പിഡിപി യൂത്ത് വിങ് പ്രസിഡന്റ് വഹീദ് പരയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കുന്നില്ലെന്നും മെഹബൂബ പറഞ്ഞു. മെഹബൂബയുടെ അടുത്ത അനുയായിയാണ് വഹീദ് പര.

'എന്നെ വീണ്ടും നിയമവിരുദ്ധമായി തടങ്കലിലാക്കി. രണ്ട് ദിവസമായി പുല്‍വാമയിലെ വാഹിദിന്റെ കുടുംബത്തെ കാണാന്‍ എന്നെ അനുവദിക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം വിസമ്മതിച്ചു. ബിജെപി മന്ത്രിമാര്‍ക്കും അവരുടെ അനുയായികള്‍ക്കും കശ്മീരിലെ എല്ലാ കോണുകളിലും സഞ്ചരിക്കാന്‍ അനുമതിയുണ്ട്, പക്ഷേ സുരക്ഷ പ്രശ്‌നം എന്റെ കാര്യത്തില്‍ മാത്രമാണുള്ളതെന്നും മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. തന്റെ വീടിന്റെ ഗേറ്റിന് പുറത്തുള്ള വാഹനത്തിന്റെ ഫോട്ടോയും ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായി മെഹബൂബ മുഫ്തിയെ തുറങ്കിലടച്ചിരുന്നു. കൂടാതെ, ഉമര്‍ അബ്ദുല്ല, ഫറൂഖ് അബ്ദുല്ല തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളേയും കസ്റ്റഡിയിലെടുത്തിരുന്നു.

തെക്കന്‍ കശ്മീരിലെ പിഡിപിയുടെ പുനരുജ്ജീവനത്തില്‍ മുഖ്യപ്രങ്കുവഹിച്ച വഹീദ് പര പുല്‍വാമ സ്വദേശിയാണ്. ഇവിടെ നിന്ന് ഡിഡിസി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നവംബര്‍ 28നാണ് നടക്കുന്നത്.

Next Story

RELATED STORIES

Share it