Sub Lead

യുപി ബിജെപി മന്ത്രി വീടുകള്‍ക്ക് 'ബലമായി' കാവി നിറം പൂശി; പരാതിയുമായി താമസക്കാര്‍

ഒരു കൂട്ടം ആളുകളെത്തി വീടുകളില്‍ കാവി നിറം പൂശുകയായിരുന്നുവെന്നും ഇത് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ജീവന്‍ ചന്ദ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

യുപി ബിജെപി മന്ത്രി വീടുകള്‍ക്ക് ബലമായി കാവി നിറം പൂശി; പരാതിയുമായി താമസക്കാര്‍
X

ലഖ്‌നോ: തങ്ങളുടെ സമ്മതമില്ലാതെ 'അജ്ഞാതര്‍' വീടുകള്‍ക്ക് കാവി നിറം പൂശിയതായി പരാതി. നഗരത്തിലെ ബഹദൂര്‍ഗഞ്ച് പ്രദേശത്തെ വീടുകള്‍ക്കാണ് സംസ്ഥാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള ചിലരെത്തി കാവി നിറം പൂശിയത്. സംഭവത്തില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാവിനിറം പൂശിയവര്‍ക്ക് മന്ത്രിയുമായി അടുപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതായി കൊട്‌വാലി പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ജയ്ചന്ദ് കുമാര്‍ ശര്‍മ പറഞ്ഞു. ബഹാദൂര്‍ഗഞ്ച് നിവാസികളായ വെറ്റിനറി ഡോക്ടര്‍ ജീവന്‍ ചന്ദും അയല്‍വാസിയായ രവി ഗുപ്തയുമാണ് പരാതി നല്‍കിയതെന്ന് ശര്‍മ പറഞ്ഞു.

ഒരു കൂട്ടം ആളുകളെത്തി വീടുകളില്‍ കാവി നിറം പൂശുകയായിരുന്നുവെന്നും ഇത് തടയാന്‍ ശ്രമിച്ച തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി ജീവന്‍ ചന്ദ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

യുപി മന്ത്രി നന്ദ് ഗോപാല്‍ നന്ദിയാണ് സംഭവത്തിനു പിന്നിലെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അതേസമയം വിവാദം അനാവശ്യമാണെന്നും ഇത് വികസന നടപടിയാണെന്നുമാണ് നന്ദ് ഗോപാല്‍ നന്ദിയുടെ പ്രതികരണം.

സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയ വ്യാപാരിയായ രവിഗുപ്ത വീടുകള്‍ക്ക് കാവിനിറം ചായംപൂശുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഗുണ്ടാ വിളയാട്ടം വളരെയധികം വര്‍ധിച്ചെന്ന് കുറ്റപ്പെടുത്തിയുള്ളതാണ് വീഡിയോ.

ഒരു പൗരനെന്ന നിലയില്‍ ഭരണഘടനാപരമായ സുരക്ഷ തനിക്ക് ആവശ്യമാണ്. വ്യാപാരിയായ തനിക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ വീടിന് ചായംപൂശാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. പക്ഷേ തന്നെ അവര്‍ അപമാനിക്കുകയും വീടിന് ബലമായി ചായംപൂശുകയും ചെയ്തതായി രവി ഗുപ്ത പരാതിയില്‍ പറയുന്നു. മന്ത്രി നന്ദഗോപാലിന്റെ ബന്ധുവായ കേശാര്‍വാണിയാണ് കേസിലെ പ്രധാന പ്രതി.

Next Story

RELATED STORIES

Share it