Sub Lead

കരുവന്നൂരിലെ മരണത്തിൽ വിവാദ പരാമർശവുമായി മന്ത്രി; ആർ ബിന്ദുവിനെതിരേ കുടുംബം

ആവശ്യത്തിന് പണം നൽകിയെന്ന മന്ത്രിയുടെ വാദം മരിച്ച ഫിലോമിനയുടെ മകൻ തള്ളി. അമ്മയുടെ ചികിൽസ തുടങ്ങിയതിന് ശേഷം ഒരുരൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ല. അമ്മ മരിച്ചതിന് പിന്നാലെ മൃതദേഹവുമായി പ്രതിഷേധിച്ച ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടിൽകൊണ്ടുതന്നത്.

കരുവന്നൂരിലെ മരണത്തിൽ വിവാദ പരാമർശവുമായി മന്ത്രി; ആർ ബിന്ദുവിനെതിരേ കുടുംബം
X

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെക്കിട്ടാഞ്ഞതിനെത്തുടർന്ന് മെച്ചപ്പെട്ട ചികിൽസ ലഭിക്കാതെ നിക്ഷേപക മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി മന്ത്രി ആർ ബിന്ദു. മരിച്ച ഫിലോമിനയുടെ മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്. മരിച്ച ഫിലോമിനയുടെ കുടുംബത്തിന് അടുത്തകാലത്തായി ആവശ്യത്തിന് പണം നൽകിയെന്ന വസ്തുതാവിരുദ്ധ പരാമർശവും മന്ത്രി വാർത്താ സമ്മേളനത്തിൽ നടത്തി.

മെഡിക്കൽ കോളജിലായിരുന്നു ഫിലോമിനയുടെ ചികിൽസ. ആധുനിക സംവിധാനങ്ങളെല്ലാം ഇന്ന് സർക്കാർ മെഡിക്കൽ കോളജിൽ ലഭ്യമാണ്. മരണം ദാരുണമാണ്. അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ആർ ബിന്ദു പറഞ്ഞു. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ നേരത്തെ ഇടപെട്ടിട്ടുണ്ടെന്നും നിക്ഷേപത്തെ സംരക്ഷിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം ആവശ്യത്തിന് പണം നൽകിയെന്ന മന്ത്രിയുടെ വാദം മരിച്ച ഫിലോമിനയുടെ മകൻ തള്ളി. അമ്മയുടെ ചികിൽസ തുടങ്ങിയതിന് ശേഷം ഒരുരൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ല. അമ്മ മരിച്ചതിന് പിന്നാലെ മൃതദേഹവുമായി പ്രതിഷേധിച്ച ശേഷമാണ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടിൽകൊണ്ടുതന്നത്. ഇത് ഒരാഴ്ച മുമ്പ് തന്നിരുന്നെങ്കിൽ അമ്മയ്ക്ക് സ്വകാര്യ ആശുപത്രയിൽ മികച്ച ചികിൽസ നൽകാമായിരുന്നുവെന്നും മകൻ ഡിനോയ് പറഞ്ഞു.

പല ഗഡുക്കളായി ഇതുവരെ 4.60 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് കിട്ടിയത്. പല ആവശ്യങ്ങൾക്കായാണ് പണം നൽകിയത്. തന്റെ ശസ്ത്രക്രിയയ്ക്ക് മൂന്ന് ലക്ഷം രൂപ ചോദിച്ചിട്ട് ഒന്നര ലക്ഷം രൂപയാണ് തന്നത്. അമ്മയ്ക്ക് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ മികച്ച ചികിൽസ നൽകാനാണ് പണം ചോദിച്ചത്. എന്നാൽ അത് കിട്ടിയില്ല. അച്ഛന്റെ സമ്പാദ്യമാണ് ആ പണം.

ഞങ്ങൾക്ക് ആവശ്യപ്പെട്ട പണം എത്രയാണെന്ന് ഒരു മന്ത്രിയോ എംഎൽഎയോ അല്ല തീരുമാനിക്കേണ്ടത്. പണം എപ്പോൾ ചോദിക്കുമ്പോഴും തരാൻ ബാങ്ക് ബാധ്യസ്ഥരാണ്. ഞങ്ങൾക്ക് ആവശ്യമുള്ള പണം നൽകിയെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും മകൻ ചോദിച്ചു. മന്ത്രിയുടെ വിവാ​ദ പരാമർശത്തിന് എതിരേ കുടുംബം രം​ഗത്തുവന്നതോടെ സിപിഎം കൂടുതൽ പ്രതിസന്ധിയിലായി.

Next Story

RELATED STORIES

Share it