Big stories

അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി

അരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
X

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടുന്നതിനോട് വിയോജിപ്പ് അറിയിച്ച് ഹൈക്കോടതി. അഞ്ചംഗ വിദഗ്ധ സമിതിയെ വച്ച് തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ അരിക്കൊമ്പനെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം ആനകളെ പിടികൂടുന്നതിന് കൃത്യമായ മാര്‍ഗരേഖ വേണമെന്ന് കോടതി സര്‍ക്കാരിനോടും നിര്‍ദേശിച്ചു. ഇന്ന് തന്നെ ഇതില്‍ ഇടക്കാല ഉത്തരവ് ഉണ്ടാവുമെന്നും ഹൈക്കോടതി അറിയിച്ചു.

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്നായിരുന്നു കേസ് പരിഗണിച്ച കോടതിയുടെ ചോദ്യം. ഇന്ന് അരിക്കൊമ്പനാണെങ്കില്‍ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരുമെന്ന് പറഞ്ഞ കോടതി ശാശ്വത പരിഹാരമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും നിര്‍ദേശിച്ചു. ആനയുടെ ആക്രമണം തടയാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും സര്‍ക്കാരിനോട് കോടതി ചോദിക്കുകയുണ്ടായി. ശാശ്വത പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ആനയെ പിടികൂടുക എന്നത് പരിഹാരമല്ല, ആനയെ പിടികൂടി കൂട്ടിലടച്ചിട്ട് എന്ത് കാര്യമെന്നും പിടികൂടിയിട്ട് പിന്നെയെന്ത് ചെയ്യുമെന്നും കോടതി ചോദിച്ചു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്നായിരുന്നു കോടതിയുടെ തിരിച്ചുള്ള ചോദ്യം.

അതേസമയം കാട്ടാനയെ അവിടെനിന്ന് മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്ന് ചോദിച്ച കോടതി ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലതെന്നും നിരീക്ഷിക്കുകയുണ്ടായി. ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരുമെന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാല്‍, 2003ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു കോടതിയുടെ മറുചോദ്യം.

Next Story

RELATED STORIES

Share it