Sub Lead

ബിജെപിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തതായി ഗോവ കോണ്‍ഗ്രസ് നേതാവ്

വാഗ്ദാനവുമായി വന്‍കിട വ്യവസായികളും കല്‍ക്കരി മാഫിയകളുമാണ് തങ്ങളുടെ എംഎല്‍എമാരെ സമീപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

ബിജെപിയില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തതായി ഗോവ കോണ്‍ഗ്രസ് നേതാവ്
X
പനാജി: ബിജെപിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് മുന്‍ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍. വാഗ്ദാനവുമായി വന്‍കിട വ്യവസായികളും കല്‍ക്കരി മാഫിയകളുമാണ് തങ്ങളുടെ എംഎല്‍എമാരെ സമീപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസിന്റെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടു റാവുവിനോട് ചില എംഎല്‍എമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായും ചോദന്‍കര്‍ അവകാശപ്പെട്ടു.ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ ആറ് എംഎല്‍എമാരോളം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍. നേരത്തെ, കാമത്തുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ് പ്രതിപക്ഷ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂടേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഇന്നലെ കോണ്‍ഗ്രസ് നീക്കിയിരുന്നു. മൈക്കിള്‍ ലോബോ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണു നടപടി. കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താസമ്മേളനത്തിലും മൈക്കിള്‍ ലോബോ പങ്കെടുത്തിരുന്നില്ല.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും, പ്രശ്‌നപരിഹാരത്തിനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും എംഎല്‍എമാര്‍ വിട്ടു നിന്നിരുന്നു. മിനിഞ്ഞാന്ന് ചേര്‍ന്ന യോഗത്തില്‍ നിന്നും ദിഗംബര്‍ കമ്മത്ത് ഉള്‍പ്പടെയുള്ള നാല് എംഎല്‍എമാരാണ് വിട്ടുനിന്നത് എങ്കില്‍ ഇന്ന് നടന്ന യോഗത്തില്‍ നിന്നും മറ്റ് മൂന്ന് എംഎല്‍എമാര്‍ കൂടി വിട്ടു നിന്നു. ഇതോടെ ആകെയുള്ള 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി.

എന്നാല്‍,എംഎല്‍എമാര്‍ക്ക് പണം നല്‍കി പാര്‍ട്ടിയില്‍ ചേര്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ ബിജെപി തള്ളി.കോണ്‍ഗ്രസിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനവാഡെ പറഞ്ഞു. കോണ്‍ഗ്രസിലെ ആശയക്കുഴപ്പവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








Next Story

RELATED STORIES

Share it