Sub Lead

എംഎം മണി വ്യക്തിപരമായി അപമാനിച്ചു;നേതൃത്വത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി എസ് രാജേന്ദ്രന്റെ കത്ത്

മുന്‍മന്ത്രി എംഎം മണി അപമാനിച്ചെന്നും, അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിര്‍ദേശിച്ചതെന്നും കത്തില്‍ പറയുന്നു

എംഎം മണി വ്യക്തിപരമായി അപമാനിച്ചു;നേതൃത്വത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി എസ് രാജേന്ദ്രന്റെ കത്ത്
X

ഇടുക്കി: സിപിഎമ്മില്‍ നേരിടുന്ന അവഗണ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും എസ് രാജേന്ദ്രന്‍ കത്തയച്ചു.തന്നെ മുന്‍മന്ത്രി കൂടിയായ എംഎം മണിയും, കെവി ശശിയും അപമാനിച്ചെന്നും വീട്ടിലിരിക്കാന്‍ പറഞ്ഞെന്നും മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. പരസ്യ അധിക്ഷേപം പേടിച്ചാണ് താന്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ പറയുന്നു.

ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രനും കൂട്ടരും ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നു പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷനു രാജേന്ദ്രന്‍ നല്‍കിയ മറുപടിയും സംസ്ഥാന സെക്രട്ടറിക്കു നല്‍കിയ കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംഎല്‍എ ഹോസ്റ്റലില്‍വച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അറിയിച്ചപ്പോള്‍ മുന്‍മന്ത്രി എംഎം മണി അപമാനിച്ചെന്നും, അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിര്‍ദേശിച്ചതെന്നും കത്തില്‍ പറയുന്നു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശിയുടെ നേതൃത്വത്തില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നെന്ന് എസ് രാജേന്ദ്രന്‍ കത്തില്‍ പറയുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചതാണ്. കെവി ശശിയാണ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യൂനിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശശി തന്നെ അപമാനിച്ചെന്നും രാജേന്ദ്രന്‍ കത്തില്‍ വ്യക്തമാക്കി.

സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടേ എസ് രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതിനാല്‍ എസ് രാജേന്ദ്രനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിച്ചില്ല, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു, ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കി തുടങ്ങിയവയാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി സംസ്ഥാനകമ്മിറ്റിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. രാജേന്ദ്രനെ പുറത്താക്കണമെന്ന് എംഎം മണിയും പരസ്യമായി ആവശ്യപ്പെട്ടതാണ്.

രാജേന്ദ്രന്‍ കുറച്ചുകാലമായി പാര്‍ട്ടിയുമായി പിണക്കത്തിലാണ്. രാജേന്ദ്രനെതിരായ നടപടി ജില്ലാ സമ്മേളനത്തിലുണ്ടാവില്ലെന്നും, സംസ്ഥാന സെക്രട്ടേറിയറ്റ് എല്ലാം തീരുമാനിക്കുമെന്നുമാണ് ഇന്നലെ കോടിയേരി വ്യക്തമാക്കിയിരുന്നത്.




Next Story

RELATED STORIES

Share it