Sub Lead

ഇസ് ലാം സ്വീകരിച്ച അഭിഭാഷകയെ ജഡ്ജിയാക്കാനാവില്ലെന്ന്; കേന്ദ്രത്തെ തള്ളി സുപ്രിംകോടതി കൊളീജിയം

നേരത്തേ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിഡിപി-ബിജെപി സഖ്യകക്ഷി സര്‍ക്കാരിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്ന കാസ്മി ഖജൂരിയ പിന്നീട് രാജിവയ്ക്കുകയായിരുന്നു

ഇസ് ലാം സ്വീകരിച്ച അഭിഭാഷകയെ ജഡ്ജിയാക്കാനാവില്ലെന്ന്; കേന്ദ്രത്തെ തള്ളി സുപ്രിംകോടതി കൊളീജിയം
X

ന്യൂഡല്‍ഹി: ഇസ് ലാം സ്വീകരിച്ച അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയാക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രിംകോടതി കൊളീജിയം തള്ളി. ജമ്മുകശ്മീരിലെ അഭിഭാഷകയായ മോക്ഷ കാസ്മി ഖജൂരിയയെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരേയാണ് മോദി സര്‍ക്കാര്‍ തടസ്സവാദം ഉന്നയിച്ചത്. ഹിന്ദു കുടുംബത്തില്‍ ജനിച്ച ജമ്മു സ്വദേശിനിയായ മോക്ഷ കാസ്മി ശ്രീനഗറിലെ ബാരസുല്ലയിലെ വ്യവസായിയായ യാസിര്‍ സഈദ് കാസ്മിയെ വിവാഹം കഴിച്ച് ഇസ് ലാം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മറ്റു പല കാരണങ്ങളും ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ മോക്ഷ കാസ്മിയുടെ ജഡ്ജി നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. അഭിഭാഷകയുടെ യോഗ്യതയെ കുറിച്ചും വരുമാനത്തിലുണ്ടായ വര്‍ധനവ് സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ സംശയം പ്രകടിപ്പിക്കുകയും ഭര്‍ത്താവിന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മൂഫ്തി നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യുമായി ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. നേരത്തേ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിഡിപി-ബിജെപി സഖ്യകക്ഷി സര്‍ക്കാരിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്ന കാസ്മി ഖജൂരിയ പിന്നീട് രാജിവയ്ക്കുകയായിരുന്നു. മുന്‍ നിയമമന്ത്രി അബ്ദുല്‍ ഹഖ്, അഡ്വക്കറ്റ് ജനറല്‍ ജഹാംഗീര്‍ ഇഖ്ബാല്‍ എന്നിവരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നായിരുന്നു രാജി.

മോക്ഷ കാസ്മി ഖജൂരിയയുടെ ശരാശരി വാര്‍ഷിക വരുമാനം 2012-2016 സാമ്പത്തിക വര്‍ഷം 2.50 ലക്ഷം മുതല്‍ 3.25 ലക്ഷം ഉണ്ടായിരുന്നത് 2016-17, 2017-18 സാമ്പത്തിക വര്‍ഷം ആയപ്പോഴേക്കും 12 മുതല്‍ 15 ലക്ഷം വരെയായെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം തടസ്സവാദം ഉന്നയിച്ചതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.







Next Story

RELATED STORIES

Share it