Sub Lead

കല്ലുകള്‍കൊണ്ട് വായുവില്‍ മോഹന്‍ലാല്‍ ചിത്രം; വിസ്മയിപ്പിച്ച് പ്ലസ് ടു വിദ്യാര്‍ഥി

കല്ലുകള്‍കൊണ്ട് വായുവില്‍ മോഹന്‍ലാല്‍ ചിത്രം; വിസ്മയിപ്പിച്ച് പ്ലസ് ടു വിദ്യാര്‍ഥി
X

കണ്ണൂര്‍: ഡ്രോയിങ് ബോര്‍ഡില്‍ കല്ലുകള്‍ നിരത്തി വച്ച് വായുവിലെറിയുമ്പോള്‍ മോഹന്‍ലാലിന്റെ മുഖം തെളിയുന്നു. അസാധ്യമെന്നു കരുതുന്നുണ്ടോ. എങ്കില്‍ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനു സമീപം കോറോം സ്വദേശി കെ പി രോഹിത് എന്ന പ്ലസ് ടുക്കാരന്റെ കഴിവൊന്നു കാരണം. ആരെയും വിസ്മയിപ്പിക്കുന്നതും അല്‍ഭുതപ്പെടുത്തുന്നതുമായ പ്രകടനമാണ് രോഹിത് കാഴ്ചവയ്ക്കുന്നത്. കല്ലുകള്‍കൊണ്ട് വായുവില്‍ ചിത്രമൊരുക്കിയാ രോഹിതിന്റെ വിസ്മയപ്രകടനം കണ്ട് മോഹന്‍ലാല്‍ പോലും ഞെട്ടി. ചിത്രത്തിന്റെ വീഡിയോ കണ്ട ചലച്ചിത്ര താരം മോഹന്‍ലാല്‍ പറഞ്ഞത് 'വല്ലാത്ത അദ്ഭുതം' എന്നാണത്രേ.

രോഹിത് മോഹന്‍ലാലിന്റെ ചിത്രം കല്ലുകൊണ്ട് വായുവില്‍ വരച്ചപ്പോള്‍

കോറോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നു പ്ലസ് ടു പൂര്‍ത്തിയാക്കിയ രോഹിത്താണ് ഈ തന്റെ അപൂര്‍വ കഴിവു കൊണ്ട് ഞെട്ടിക്കുന്നത്. ഡ്രോയിങ് ബോര്‍ഡില്‍ പല വലിപ്പത്തിലുള്ള കല്ലുകള്‍ നിരത്തി മോഹന്‍ലാലിന്റെ മുഖം വരച്ച ശേഷം ബോര്‍ഡിലെ കല്ലുകള്‍ മെല്ലെ മുകളിലേക്ക് ഇടുകയാണ് ചെയ്യുന്നത്. സാധാരണയായി മുറംകൊണ്ട് അരിയും മറ്റും വൃത്തിയാക്കാന്‍ ചെയ്യുന്നതുപോലെ ഒരു പ്രത്യേക ആംഗിളിലാണു കല്ലുകള്‍ മുകളിലേക്ക് ഇടുന്നത്. വായുവില്‍ ഉയരുന്ന കല്ലുകള്‍ അഞ്ചോ ആറോ സെക്കന്‍ഡുകള്‍ക്കകം ബോര്‍ഡിലേക്കു തിരികെവീഴും. ഇത്രയും സമയമാണ് ചിത്രത്തിന്റെ ആയുസ്സ്.

കല്ലുകള്‍ ഉയര്‍ന്നു പൊങ്ങുന്നതിന്റെ വീഡിയോ സ്ലോ മോഷനില്‍ പ്ലേ ചെയ്താല്‍ അതില്‍ മോഹന്‍ലാലിന്റെ മുഖം തെളിയുന്നതു കാണാം. കല്ലുകള്‍ നിരത്തുന്നത് വളരെയധികം സുക്ഷ്മത വേണ്ട കാര്യമാണെന്ന് രോഹിത് പറയുന്നു. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ആളാകെ മാറിപ്പോവും. ഏറെക്കാലം നീണ്ട ശ്രമത്തിലൂടെയാണു രോഹിത് മോഹന്‍ലാലിന്റെ ചിത്രം ഇതുപോലെ വരച്ചു വീഡിയോയിലാക്കിയത്. ചെറുതായി ആംഗിള്‍ മാറിയാല്‍പോലും ചിത്രം വായുവില്‍ തെളിയില്ല. കല്ലുകള്‍ വയ്ക്കുന്നതിലെ ദൂരം മാറിയാലും കൃത്യമായി തെളിയില്ല.

വായുവില്‍ ഉയരുമ്പോള്‍ ചിത്രത്തിന്റെ മുകള്‍ഭാഗത്തെ കല്ലുകള്‍ ആദ്യം ഉയരും. സെക്കന്‍ഡുകള്‍ വൈകിയാണ് താഴെയുള്ള കല്ലുകള്‍ ഉയരുക. ഇത് കൃത്യമായി കണക്കാക്കിയാല്‍ മാത്രമേ ചിത്രം കൃത്യമായി തെളിയൂ. കണ്ണും മറ്റും കൃത്യമായി അതാതു സ്ഥാനത്തു തെളിയുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. രണ്ടു കണ്ണുകളുടേയും കല്ലുകളുടെ ഭാരം മാറിയാല്‍പ്പോലും അത് രണ്ടു വേഗത്തിലാണ് ഉയരുക. രോഹിത്തിന്റെ ചിത്രത്തില്‍ ഇതെല്ലാം കൃത്യമാണ്. ചിത്രരചനയിലും മറ്റും മിടുക്ക് കാട്ടുന്ന രോഹിത്തിന്റെ പേര് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയില്‍ ഇടംപിടിച്ചിട്ടുണ്ട്. സഹോദരന്‍ രാഹുലാണ് 'അപൂര്‍വ ചിത്രം' വീഡിയോയില്‍ പകര്‍ത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ഇതുപോലെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രോഹിത്ത്.

Mohanlal pictured in the air with stones; Amazing Plus Two student

Next Story

RELATED STORIES

Share it