Latest News

2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്; തിരൂരങ്ങാടിയില്‍ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ്, ഉത്തരവ് അനീതിയെന്ന് എസ്ഡിപിഐ

2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്; തിരൂരങ്ങാടിയില്‍ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ്, ഉത്തരവ് അനീതിയെന്ന് എസ്ഡിപിഐ
X

തിരൂരങ്ങാടി: പ്രളയ ദുരിതാശ്വാസമായി ലഭിച്ച തുക അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ദുരിതബാധിതര്‍ക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. തിരൂരങ്ങാടി താലൂക്കിലെ 125 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതില്‍നിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി തഹസില്‍ദാര്‍ അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്. ദുരിതബാധിതരുടെ ബാങ്ക്് അക്കൗണ്ടിലേക്ക് പതിനായിരം രൂപവീതം രണ്ടുതവണയായി ഇരുപതിനായിരം രൂപയുടെ സഹായധനം അനുവദിച്ചിരുന്നു. ഇതില്‍ പതിനായിരം രൂപയാണ് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സാങ്കേതികപ്പിഴവ് മൂലമാണ് അധികപണം അയച്ചതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കത്ത് ലഭിച്ച് ഏഴുദിവസത്തിനകം പതിനായിരം രൂപ തിരികെ അടച്ച് താലൂക്ക് ഓഫീസിലെത്തി രസീത് കൈപ്പറ്റണമെന്നാണ് നിര്‍ദ്ദേശം. തുക തിരികെ അടക്കാത്തപക്ഷം റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്ന മുന്നറിയിപ്പും തഹസില്‍ദാര്‍ നല്‍കിയ കത്തിലുണ്ട്. തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജില്‍ 35 കുടുംബങ്ങള്‍ക്കും പറപ്പൂര്‍-28, തിരൂരങ്ങാടി-12, ഒതുക്കുങ്ങല്‍-20, നന്നമ്പ്ര-9, വേങ്ങര-4, ഊരകം-7, എടരിക്കോട്-4 അരിയല്ലൂര്‍-2, പെരുവള്ളൂര്‍-1, മൂന്നിയൂര്‍-3 എന്നിങ്ങനെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജില്ലയില്‍ മറ്റിടങ്ങളിലും ഇത്തരത്തില്‍ നോട്ടീസുകള്‍ അയച്ചിട്ടുണ്ടെന്നാണ് വിവരം. വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രളയം കൂടുതല്‍ ബാധിച്ച താലൂക്കുകളില്‍പ്പെട്ട തിരൂരങ്ങാടിയിലാണ് നൂറിലേറെ കുടുംബങ്ങള്‍ക്ക് പണം തിരികെചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അനാസ്ഥയിലുണ്ടായ പിഴവ് മൂടിവെയ്ക്കുന്നതിനാണ് സാധാരണക്കാര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം പണം തിരിച്ച് ചോദിച്ച് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എസ്ഡിപിഐ തിരൂരങ്ങാടി നിയോജകമണ്ഡലം കമ്മറ്റി കുറ്റപ്പെടുത്തി. പ്രളയത്തില്‍ വീടിന് കേടുപറ്റിയവരും വെള്ളം കയറി ദുരിതമനുഭവിച്ചരും സര്‍ക്കാറില്‍നിന്നും ലഭിച്ച പണം ഉപയോഗപ്പെടുത്തിയവരാണ്. ഏഴ് ദിവസത്തിനകം പണം തിരികെ അടയ്ക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി എടുക്കുമെന്ന് പറയുന്നതും സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് എല്ലായിടത്തും ഇത്തരത്തില്‍ പണം തിരികെ ചോദിച്ച് കത്ത് അയക്കുന്നുണ്ടെന്നാണ് വിവരം. അഞ്ച് വര്‍ഷം മുന്‍പ് നടന്ന സാങ്കേതികപ്പിഴവ് ഇത്രയുംകാലം പുറത്തുവന്നില്ലെന്നതില്‍ ദുരൂഹതയുണ്ട്. കണക്കുകള്‍വെച്ച് പ്രളയ ബാധിതര്‍ക്ക് കോടികള്‍ വിതരണം ചെയ്‌തെന്ന് പ്രചാരണം നടത്തിയ സര്‍ക്കാറാണ് പണം തിരികെ ചോദിച്ചിരിക്കുന്നതെന്നും ജനദ്രോഹ നയങ്ങള്‍ തുടര്‍ക്കഥയാവുകയാണന്നും എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് അനീതിയാണെന്ന് എസ്ഡിപിഐ തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി പറഞ്ഞു. വൈസ്പ്രസിഡന്റ്മാരായ ജാഫര്‍ ചെമ്മാട്, സുലൈമാന്‍ കുണ്ടൂര്‍, സെക്രട്ടറി റിയാസ്, തറയിലൊടി വാസു സംസാരിച്ചു.

Next Story

RELATED STORIES

Share it