Sub Lead

സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
X

കോഴിക്കോട്: രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം നേതാവ് എ വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും വര്‍ഗീയതയെ താലോലിക്കുന്നത് അവര്‍ നിര്‍ത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റേത്. വോട്ട് ചോര്‍ന്ന് അടിത്തറ തകരുന്നുണ്ടോയെന്ന ഭയം സിപിഎമ്മിനുണ്ട്. സിപിഎം ഇപ്പോള്‍ വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നത്. വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഫലമാണ് ഉണ്ടാവുകയെന്നും ഇത് കേരളമാണെന്ന് സിപിഎം ഓര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ആരാണ് ഇനി കേരളം ഭരിക്കുക എന്ന ചര്‍ച്ചയിലും കുഞ്ഞാലിക്കുട്ടി അഭിപ്രായം പറഞ്ഞു. ' കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ട്. അടുത്തത് യുഡിഎഫ് ആണ് എന്ന ചിന്ത എല്ലാവരിലുമുണ്ട്. അപ്പോള്‍ എല്ലാവരും അതിനനുസരിച്ച് വരും. പക്ഷേ കോണ്‍ഗ്രസ് സമയമാകുമ്പോള്‍ നേതാവിനെ നിശ്ചയിച്ച് മുന്നോട്ടുപോകും. അതില്‍ ആരും വിഷമിക്കേണ്ടതില്ല. തുറന്ന ചര്‍ച്ചകള്‍ സര്‍വ്വസാധാരണമാണ്. യുഡിഎഫിന്റെ വിജയം ഉറപ്പായി വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ സാധാരണമാണ്. ലീഗിന്റെ അഭിപ്രായം പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും. ലീഗ് അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞതുതന്നെയാണ്. ആ അഭിപ്രായത്തിന് ഫലം ഉണ്ടാകും. ഭാവിയില്‍ ആരാണ് ലീഡര്‍ എന്ന ചര്‍ച്ച നടത്തുന്നത് യുഡിഎഫില്‍ പതിവാണ്.''-പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രിയങ്കയുടെ ഘോഷയാത്രയിലും ന്യൂനപക്ഷ വര്‍ഗീയതയിലെ മോശപ്പെട്ട ഘടകങ്ങളുണ്ടായിരുന്നുവെന്ന് വിജയരാഘവന്‍ നേരത്തെ ആരോപിച്ചിരുന്നു. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് വിജയരാഘവന്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ഇതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it