Sub Lead

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. മന്ത്രി ചൊവ്വാഴ്ച ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. വിദേശകാര്യ മന്ത്രാലയത്തില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.

സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മന്ത്രി. പുതിയ വിവരങ്ങള്‍ അനുസരിച്ച്, 2017 മുതല്‍ ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികപ്പെടുത്തിയിട്ടുണ്ട്.. 2021ലെ ഡാറ്റ ഈ വര്‍ഷം സെപ്റ്റംബര്‍ 10 വരെയുള്ളതാണ് ലഭ്യമായിരിക്കുന്നത്.

  • 2017 -1,33,049
  • 2018- 1,34,561
  • 2019- 1,44,017
  • 2020- 85,248
  • 2021-(സെപ്തംബര്‍ 10 വരെ) 1,11,287

ഇതുപ്രകാരം 2017ല്‍ 1,33,049 ഇന്ത്യക്കാരും 2018ല്‍ 1,34,561 പേരും, 2019ല്‍ 1,44,017 പേരും, 2020ല്‍ 85,248 പേരും, 2021 സെപ്റ്റംബര്‍ 30 വരെ 1,11,287 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്നാണ് കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അവരുടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 2019ലാണെന്ന് കണക്കുകളില്‍ കാണാം, അതേസമയം ഏറ്റവും കുറവ് 2020ലാണ്. 2020ലെ കുറഞ്ഞ നിരക്ക് കൊവിഡ് 19 മഹാമാരി കാരണമാകാം. ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങളും ബാഹ്യ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ തുടങ്ങിയതോടെ 2021ല്‍ പൗരത്വം ഉപേക്ഷിക്കുന്നതില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.

പൗരത്വം ഉപേക്ഷിക്കാനുള്ള അപേക്ഷകളില്‍ 40 ശതമാനത്തോളം അമേരിക്കയില്‍ നിന്നാണ് വരുന്നത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയില്‍ നിന്നും കാനഡയില്‍ നിന്നും 30 ശതമാനം അപേക്ഷകളും എത്തുന്നു.

ഇന്ത്യന്‍ പൗരത്വ നിയമം 1955 പ്രകാരം, ഇന്ത്യന്‍ വംശജര്‍ക്ക് രണ്ട് രാജ്യങ്ങളിലെ പൗരത്വം അനുവദനീയമല്ല. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒരു വ്യക്തി മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് നേടുന്നതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരികെ സമര്‍പ്പിക്കണം. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുന്നതോടെ ഇന്ത്യന്‍ പൗരത്വം അസാധുവാകുന്നു.

മറ്റ് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രത്യേക അവകാശങ്ങള്‍ കൊണ്ടാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ഇത് ചെയ്യുന്നത്. ലോക പാസ്‌പോര്‍ട്ട് സൂചിക പ്രകാരം പാസ്‌പോര്‍ട്ട് പവര്‍ റാങ്കില്‍ ഇന്ത്യ 69ാം സ്ഥാനത്താണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയുടെ റാങ്ക് മൂന്നും, യുഎസ്എയുടെ റാങ്ക് അഞ്ചും, സിംഗപ്പൂരിനറെത് ആറും, കാനഡ ഏഴാമതുമാണ്. ഒന്നാം സ്ഥാനത്ത് യുഎഇക്കും രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡിനുമാണ്.

Next Story

RELATED STORIES

Share it