Sub Lead

മാള ടൗണില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ ഭൂരിഭാഗവും കണ്ണടച്ചു

സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും അറ്റകുറ്റപണികള്‍ക്കുള്ള തുക വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടന്നില്ല

മാള ടൗണില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ ഭൂരിഭാഗവും കണ്ണടച്ചു
X

മാള: ടൗണില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍ ഭൂരിഭാഗവും കണ്ണടച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ അഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിച്ച സിസിടിവി കാമറകള്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചത്. പിന്നീട് കാമറകള്‍ ഓരോന്നായി മിഴിയടച്ച് തുടങ്ങി. ഏതാനും കാമറകള്‍ ഒഴിച്ച് മറ്റെല്ലാം ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. 2014 ല്‍ ഉദ്ഘാടന വേളയില്‍ 12 കാമറകളാണ് സ്ഥാപിച്ചത്. നിസ്സാര തകരാറുകള്‍ മാത്രമാണ് കാമറകള്‍ക്കുള്ളത്. ഫ്യൂസ് അടിച്ച് പോകല്‍, കണക്ടറിന്റെ തകരാര്‍ തുടങ്ങിയവയാണ് പ്രധാനമായും. ഓരോ വര്‍ഷവും 25000 രൂപ സിസിടിവി കാമറകളുടെ അറ്റകുറ്റപണികള്‍ക്കായി വേണ്ടി വരും.

സിസിടിവി കാമറകള്‍ പൂര്‍ണ്ണമായി തകരാറിലായാല്‍ നന്നാക്കുന്നതിന് 10000 രൂപയോളം ചിലവ് വരും. സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും അറ്റകുറ്റപണികള്‍ക്കുള്ള തുക വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടന്നില്ല. ഫെഡറല്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ജ്വല്ലറികള്‍, ടെക്‌സ്‌റ്റൈല്‍സുകള്‍, ഹാര്‍ഡ് വെയര്‍ സ്ഥാപനങ്ങള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ മാള ടൗണിലെ ഭൂരിഭാഗം സ്ഥാപനങ്ങളും ഇതിനോട് സഹകരിക്കേണ്ടതാണെങ്കിലും ഏതാനും സ്ഥാപനങ്ങള്‍ മാത്രമാണ് സഹകരിക്കുന്നത്.

സിസിടിവി കാമറകള്‍ കണ്ണടച്ചതോടെ ഇരുട്ടിന്റെ മറവില്‍ നിരവധി മോഷണങ്ങളും തട്ടിപ്പുകളുമാണ് ടൗണില്‍ നടക്കുന്നത്. പകല്‍ സമയത്ത് പോലും കടയുടമകളെ കബളിപ്പിച്ച് തട്ടിപ്പുകാര്‍ മുങ്ങിയിട്ടുണ്ട്. ഇവരിലൊരാളെ പോലും പോലിസിന് ഇതുവരെ പിടികൂടാനായിട്ടില്ല. രാത്രിയുടെ മറവില്‍ ലഹരി വില്‍പ്പനയും അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മാള കെഎസ്ആര്‍ടിസി മുതല്‍ ഫൊറോന ദേവാലയം വരെയും മെയിന്‍ ജംഗ്ഷനില്‍ നിന്ന് യഹൂദ ശ്മശാനം വരെയുമാണ് 12 കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാമറകള്‍ തകരാറിലായി വര്‍ഷങ്ങളായെങ്കിലും അവയുടെ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കാനുള്ള യാതൊരു നീക്കവും നടത്താത്ത ബന്ധപ്പെട്ട അധികൃതരുടെ നടപടിയില്‍ വലിയ തോതിലുള്ള പ്രതിഷേധമാണുയരുന്നത്.

Next Story

RELATED STORIES

Share it